ധീരൻ രാജ്യത്തിന് പ്രിയപ്പെട്ടവൻ,  ആംബുലൻസിന് വഴികാട്ടാൻ കരകവിഞ്ഞ കൃഷ്ണയെ നീന്തി തോൽപിച്ച ബാലന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

Friday 24 January 2020 12:10 PM IST

ന്യൂഡൽഹി : പ്രളയ ദുരന്തത്തിൽ കേരളത്തിനൊപ്പം കർണാടകവും മുങ്ങിയിരുന്നു. സഹജീവികളോടുള്ള സ്‌നേഹവും കരുതലും മനുഷ്യന് എത്രത്തോളമുണ്ടെന്ന പരീക്ഷണഘട്ടം കൂടിയായിരുന്നു അത്. വിളിക്കാതെ കുടുംബം പോലും മറന്ന് മത്സ്യബന്ധനത്തിനുള്ള ബോട്ടുമായെത്തി ആയിരക്കണക്കിന് പേരുടെ ജീവൻ കരകയറ്റിയ മത്സ്യത്തൊഴിലാളികൾ മലയാളത്തിന്റെ സ്വന്തം സൈന്യമായപ്പോൾ കർണാടകയിൽ നിന്നും ചില ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിലൊന്നായിരുന്നു ആംബുലൻസിന് വഴികാട്ടാനായി കരകവിഞ്ഞ കൃഷ്ണയെ നീന്തി തോൽപ്പിച്ച ബാലൻ. വെങ്കിടേഷ് എന്ന ബാലനാണ് കരകവിഞ്ഞ കൃഷ്ണയിൽ റോഡും നദിയും തിരിച്ചറിയാതെ വിഷമിച്ച ആംബുലൻസ് ഡ്രൈവർക്ക് മുൻപേ നീന്തി വഴികാട്ടിയത്.

സമൂഹമാദ്ധ്യമങ്ങളിലടക്കം ആറാം ക്ലാസുകാരനായ വെങ്കിടേഷിന്റെ സാഹസികത വൈറലായിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സർക്കാർ ധീരതയ്ക്കുള്ള അവാർഡ് നൽകി ബാലനെ അനുമോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ബഹുമതിയും വെങ്കിടേഷിനെ തേടിയെത്തി. ധീരതക്കുള്ള ദേശീയ പുരസ്‌കാരം റിപ്പബ്ലിക് ദിനത്തിൽ വെങ്കിടേഷിന് സമ്മാനിക്കും. ഇരുപത്തിരണ്ടു കുട്ടികൾക്കാണ് ധീരതക്കുള്ള പുരസ്‌ക്കാരം നൽകുന്നത്.