ഇവിടെ പ്രസവിച്ച് അക്കാര്യം സ്വന്തമാക്കാൻ അനുവദിക്കില്ല, പ്രസവ ടൂറിസത്തിന് കുരുക്കിട്ട് അമേരിക്ക: ഗർഭിണികൾക്ക് യാത്ര വിലക്ക്

Friday 24 January 2020 3:57 PM IST

വാഷിംഗ്ടൺ: വിദേശികളായ ഗർഭിണികൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. അമേരിക്കയിൽ വന്ന് പ്രസവിക്കുന്നത് അവസാനിപ്പിക്കുന്നതിനാണ് വിസ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച നിർദേശം വിദേശകാര്യമന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വിദേശ പൗരത്വം ലഭിക്കുകയെന്ന ഉദ്ദേശത്തോടെ ഗർഭിണികളായ സ്ത്രീകൾ പ്രസവസമയം അടുക്കുമ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെയാണ് പ്രസവ ടൂറിസം എന്ന് വിളിക്കുന്നത്.

ഇനി മുതൽ പ്രസവത്തിനായി അമേരിക്കയിൽ എത്തുന്ന വിദേശികൾക്ക് മറ്റ് ചികിത്സകൾക്കായി എത്തുന്നവർക്ക് നൽകുന്ന പരിഗണന മാത്രം മതിയെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കാനിരിക്കുന്ന ഉത്തരവിൽ ഉണ്ടെന്നാണ് സൂചന.

വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്ന് എത്തുന്ന ഗർഭിണികളായ സ്ത്രീകൾ പ്രസവച്ചെലവിനുള്ള പണം കൈവശമുണ്ടെന്ന് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തെളിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

അമേരിക്കയുടെ അധീനതയിലുള്ള സായിപാനിലേക്കുള്ള യാത്രയ്ക്കിടെ യുവതിയെ ഹോങ്കോംഗ് വിമാനത്താവളത്തിൽ ഗർഭ നി‌ർണയ പരിശോധനയ്ക്ക് വിധേയമാക്കിയത് വിവാദമായിരുന്നു. അമേരിക്കൻ കുടിയേറ്റ നിയമങ്ങൾ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് 2019 ഫെബ്രുവരി മുതൽ സായ്പാനിലേക്കുള്ള വിമാനയാത്രയ്ക്ക് മുമ്പായി ഗർഭപരിശോധന നിർബന്ധിതമാക്കിയത്. കുട്ടിക്ക് അമേരിക്കൻ പൗരത്വം നേടുന്നതിനായി പ്രസവിക്കാനായി സ്ത്രീകൾ തിരഞ്ഞെടുക്കുന്ന ഒരു പ്രധാന സ്ഥലമാണ് സായ്പാൻ.