ഇന്ത്യയിലെ വളർച്ചാനിരക്കിലെ മാന്ദ്യം താത്കാലികം, ഭാവിയിൽ മെച്ചപ്പെടുമെന്ന് ഐ.എം.എഫ്

Friday 24 January 2020 8:31 PM IST

ദാവോസ്: ഇന്ത്യയുടെ വളർച്ചാനിരക്കിലെ മാന്ദ്യം താത്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജിയേവ. ഇന്ത്യയുടെ വളർച്ചാനിരക്ക് വരും വർഷങ്ങളിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു. ദാവോസിൽ നടക്കുന്ന ലോകസാമ്പത്തിക ഉച്ചകോടിയിലാണ് ക്രിസ്റ്റലീനയുടെ പരാമർശം.

ആഗോള സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2019നേക്കാളും മെച്ചപ്പെട്ട വർഷമായിരിക്കും 2020 എന്നും അവർ പറഞ്ഞു. യു.എസ് ​-ചൈന വ്യാപാര യുദ്ധം അയയുന്നതും നികുതി കുറഞ്ഞതും ആഗോള സമ്പദ്​വ്യവസ്ഥയെ സ്വാധീനിക്കുമെന്നും ക്രിസ്​ലീന കൂട്ടിച്ചേർത്തു.

അതേസമയം, 3.3 ശതമാനമെന്ന വളർച്ച നിരക്ക്​ ആഗോള സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ച്​ ഒട്ടും ഗുണകരമല്ലെന്നും അവർ വിലയിരുത്തി. ഘടനാപരമായ മാറ്റങ്ങൾ വിവിധ സമ്പദ്​വ്യവസ്ഥകളിൽ ആവശ്യമാണെന്ന്​ ക്രിസ്​റ്റലീന ജോർജിയേവ വ്യക്​തമാക്കി.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും പ്രതീക്ഷിത വളർച്ചാനിരക്കുകൾ കഴിഞ്ഞദിവസം ഐ.എം.എഫ്. വെട്ടിക്കുറച്ചിരുന്നു. നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാനിരക്ക് 6.1 ശതമാനത്തിൽനിന്ന് 4.8 ശതമാനത്തിലേക്കാണ് വെട്ടിക്കുറച്ചത്.