ഗ്രൂപ്പുകളെ പിണക്കാതെ; മുല്ലപ്പള്ളിയെ തള്ളാതെ കെ.പി.സി.സി ഭാരവാഹി പട്ടിക
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ പൂർണ്ണ വിശ്വാസമർപ്പിച്ചും, സംസ്ഥാന കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകളെ പിണക്കാതെയും തന്ത്രപരമാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹി പട്ടിക.
പുന:സംഘടനാ ചർച്ചകൾ നീളുന്നതിനൊപ്പം ഭാരവാഹി പട്ടിക നൂറിനപ്പുറത്തേക്ക് പറക്കുന്ന കുഴഞ്ഞുമറിഞ്ഞ നിലയിൽ നിന്നാണ് ഹൈക്കമാൻഡ് കാര്യങ്ങൾ വരുതിയിലാക്കിയത്. സംഘടനയെക്കാൾ പാർലമെന്ററി പാർട്ടിക്ക് പ്രാമുഖ്യം കൊടുക്കുന്ന പതിവ് രീതി വിട്ട്,പാർട്ടിയെ ചലിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റിന് പൂർണ്ണ പിന്തുണ . ജംബോ പേരുദോഷം ഒഴിവാക്കാൻ സെക്രട്ടറിമാരുടെ പ്രഖ്യാപനം മാറ്റിവച്ചു. അപ്പോഴും, പട്ടികയിൽ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ അവകാശവാദങ്ങൾ ഒരളവ് വരെ അംഗീകരിച്ചു. 150 പേരുടെ പട്ടികയുമായി കടുംപിടിത്തത്തിൽ നിന്ന ഗ്രൂപ്പ് മാനേജർമാരെ മറികടക്കാനായത് മുല്ലപ്പള്ളിയുടെ നേട്ടം.
എം.പിമാരെയും എം.എൽ.എമാരെയും ഒഴിവാക്കി ഒരാൾക്ക് ഒരു പദവി , ജംബോ പട്ടിക പാടില്ല, സ്ഥിരം മുഖങ്ങൾക്ക് പകരം കാര്യശേഷിയുള്ള പുതിയ മുഖങ്ങൾ എന്നീ ആവശ്യങ്ങളുയർത്തിയ മുല്ലപ്പള്ളിയെ തൃപ്തിപ്പെടുത്തുന്നതാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഭാരവാഹികളെ ഇരുഗ്രൂപ്പുകളും സ്വന്തം കണക്കിൽപ്പെടുത്തുന്നുണ്ടെങ്കിലും ചില പേരുകൾ മുല്ലപ്പള്ളി നിർദ്ദേശിച്ചതാണ്. കേരളം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങവേ, മുല്ലപ്പള്ളിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതാണ് പട്ടിക. കേരളത്തിൽ ഭരണത്തിൽ തിരിച്ചുവരവ് മാത്രം ലക്ഷ്യമിടുന്ന ഹൈക്കമാൻഡ് , പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള 'കഠിനാദ്ധ്വാനം' നടത്തി. ജംബോ പട്ടിക ഒഴിവാക്കാൻ സെക്രട്ടറിമാരുടെ പ്രഖ്യാപനം മാറ്റിവച്ചു. സെക്രട്ടറിമാരെ ഫെബ്രുവരി പത്തിനകം പ്രഖ്യാപിക്കുമെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ ആവശ്യം അംഗീകരിച്ചപ്പോൾ പാർട്ടി പദവി പ്രതീക്ഷിച്ച പല നേതാക്കളും പുറത്തായി. വി.ഡി.സതീശനും ടി.എൻ. പ്രതാപനും എ.പി. അനിൽകുമാറും പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നൽകിയിരുന്നു. പതിവ് മുഖങ്ങളെ മാറ്റി പുതിയ മുഖങ്ങൾ വരണമെന്ന മുല്ലപ്പള്ളിയുടെ ആവശ്യവും ഏറെക്കുറെ അംഗീകരിക്കപ്പെട്ടു. വർക്കിംഗ് പ്രസിഡന്റുമാർ വേണ്ടെന്ന ആവശ്യത്തിനും പിന്തുണ. എം.പിമാരായ നിലവിലെ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരുടെ കാര്യം മിണ്ടാത്തതിനാൽ അവർ തുടർന്നേക്കാം.
പന്ത്രണ്ട് വൈസ് പ്രസിഡന്റുമാരിൽ ആറ് വീതം എ,ഐ ഗ്രൂപ്പുകൾ അവകാശപ്പെടുന്നുണ്ട്. ഇതിൽ രണ്ട് പേരെ മുല്ലപ്പള്ളി നേരിട്ട് നിർദ്ദേശിച്ചതാണെന്നാണ് വിവരം. 34 ജനറൽസെക്രട്ടറിമാരിലും ഗ്രൂപ്പുകൾക്ക് തുല്യപ്രാതിനിദ്ധ്യമുണ്ടെന്നാണ് അവകാശവാദം. വി.എം. സുധീരൻ, പി.സി. ചാക്കോ, കെ.മുരളീധരൻ, സി.വി. പത്മരാജൻ തുടങ്ങിയവരുടെ അക്കൗണ്ടിലും ചിലർ ഇടം നേടി.