ഭർത്താവിന്റെ ആ സ്വഭാവം കാരണം ഹനീഫയുമായുള്ള അവിഹിതം ആയിഷ തുടർന്നു, തടസമായപ്പോൾ ഭർത്താവിനെ വകവരുത്തി: കൊലകേസിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ

Saturday 25 January 2020 12:38 PM IST

കാസർകോട്: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂർ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മായിലിന്റെ (50) കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് പൊലീസ്. സംഭവത്തിന്റെ ചുരുളഴിഞ്ഞപ്പോൾ ഭാര്യ ആയിഷ (42), ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫ (35) എന്നിവർ പിടിയിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇസ്മായിലിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ സഹോദരൻ നൂർ മുഹമ്മദും ബന്ധുക്കളും ഇസ്മായിലിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെ തൂങ്ങിയ നിലയിൽ കണ്ടപ്പോൾ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. അയൽവാസി മുഹമ്മദ് ഹനീഫയുടെ സഹായത്തോടെയാണ് മൃതദേഹം താഴയിറക്കിയതെന്നും ഇവർ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം കളവാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി.

സ്ഥിരമായി മദ്യപിച്ചു വന്ന് ഉപദ്രവിച്ചതും കാമുകനുമായുള്ള അവിഹിത ബന്ധം തുടർന്നു പോകുന്നതിനുമാണ് ആയിഷ കൊലപാതകം നടത്താൻ പദ്ധതിയിട്ടതത്രെ. കാമുകൻ മുഹമ്മദ് ഹനീഫയെ ഇതിനായി ചുമതലപ്പെടുത്തി. കർണാടക സ്വദേശികളായ അറഫാത്തും സിദ്ദീഖുമാണ് കൃത്യം നടത്താൻ കൂട്ടിനെത്തിയത്. രാത്രി 12 മണിക്കും ഒരു മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൊലയാളികൾക്ക് കതക് തുറന്നുകൊടുത്തത് ഭാര്യയായിരുന്നു. ഇസ്മായിലിന് ഒരു മകളും രണ്ട് ആൺമക്കളുമുണ്ട്. കല്യാണം കഴിഞ്ഞ മകൾ ഭർതൃവീട്ടിലും ആൺമക്കൾ ഗൾഫിലുമായിരുന്നു.

ചോദ്യം ചെയ്യലിൽ കൊലപാതകമാണെന്ന് സമ്മതിക്കാൻ ഭാര്യ തയ്യാറായിരുന്നില്ല. പോസ്റ്റുമോർട്ടത്തിലൂടെ തൂങ്ങിമരണമോ ശ്വാസംമുട്ടി മരിച്ചതോ ആയിരിക്കാമെന്ന സാധ്യതയാണ് പൊലീസിന് ലഭിച്ചത്. സംഭവം നടന്നതിനു പിന്നാലെ കാമുകൻ മുഹമ്മദ് ഹനീഫ നാട്ടിൽ നിന്നും മുങ്ങിയത് സംശയത്തിന് ബലം നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാമുകനെ പിടികൂടിയത്. 10,000 രൂപ കൂട്ടുപ്രതികൾക്ക് നൽകാമെന്ന് ആയിഷ സമ്മതിച്ചതായി കാമുകൻ മുഹമ്മദ് ഹനീഫ പൊലീസിനോട് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മഞ്ചേശ്വരം എസ്.ഐ ഇ. അനൂപ് കുമാറും സി.ഐ എ.വി ദിനേശ് കുമാറുമാണ് അന്വേഷണം നടത്തിയത്.