തിരഞ്ഞെടുപ്പ് വന്നപ്പോൾ പ്രവർത്തകരെ ഓർമ വന്നോ? അമിത് ഷായ്‌ക്കെതിരെ കേജ്‌രിവാൾ

Saturday 25 January 2020 3:32 PM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡൽഹിയിലുള്ള ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മറുപടി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബി.ജെ.പി ഒരു രാഷ്ട്രീയപ്പാർട്ടി മാത്രമല്ലെന്നും ഒരു കുടുംബമാണെന്നും ഒരുമിച്ചു രാജ്യത്തെ ശക്തമാക്കുമെന്നുമായിരുന്നു അമിത് ഷായുടെ ട്വിറ്ററിൽ കുറിച്ചത്.

'സർ, തിരഞ്ഞെടുപ്പു വന്നപ്പോഴാണ് അങ്ങ് പ്രവർത്തകരെ ഓർത്തത്. കഴിഞ്ഞ 5 വർഷം കടുത്ത വിലക്കയറ്റം ജീവിതം ദുസ്സഹമാക്കിയപ്പോഴും അവരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ, 24 മണിക്കൂർ വൈദ്യുതി, സൗജന്യ ബസ് യാത്ര എന്നിവ അവർക്കു നൽകിയത് ആരെന്ന് ബിജെപി പ്രവർത്തകരോടു ചോദിക്കണം.' കേജ്‌രിവാൾ തന്റെ ട്വീറ്റിലൂടെ പരിഹാസരൂപേണ ആവശ്യപ്പെട്ടു.

ഡൽഹിയിലെ രണ്ട് കോടി ജനങ്ങൾ ഒരു കുടുംബം പോലെയാണു കഴിയുന്നത്. കഴിഞ്ഞ 5 വർഷം ഞങ്ങൾ ഡൽഹിയെ അടിമുടി മാറ്റി. മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു. ഇവരെല്ലാവരും തന്റെ കുടുംബമാണെന്നും മൂത്തമകനെപ്പോലെ ഞാൻ അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും കേജ്‍രിവാൾ തന്റെ ട്വീറ്റിലൂടെ പറയുന്നു.

ഇന്നലെയാണ് രാത്രി യമുനാ വിഹാറിൽ പ്രചാരണത്തിന് ശേഷം പ്രദേശത്തെ ഒ.ബി.സി വിഭാഗത്തിൽ നിന്നുമുള്ള ബി.ജെ.പി നേതാവിന്റെ വീട്ടിൽ നിന്നും അമിത് ഷായും ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരിയും ഭക്ഷണം കഴിക്കാനെത്തിയത്. ഇതിന്റെ ചിത്രമായിരുന്നു അമിത് ഷാ ട്വീറ്റ് ചെയ്തത്.