ബെസോസിന്റെ ഫോൺ ചോർത്തിയതാര് ?
ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ഫോൺ ചോർത്തിയത് വാട്ട്സ് ആപ്പിൽ അയച്ച ഒരു വീഡിയോ സന്ദേശം മുഖേനയാണ്. ഫോൺ ചോർത്തി എന്നത് വാസ്തവമാണ്. കാരണം ബെസോസ് തന്റെ കാമുകിയും ഫോക്സ് ടിവിയുടെ മുൻ അവതാരകയുമായ ലോറൻ സാഞ്ചെസിന് അയച്ച പ്രണയാതുരമായ 'ടെക്സ്റ്റ് മെസേജ്' അമേരിക്കൻ ടാബ്ളോയിഡായ നാഷണൽ എൻക്വയറിൽ അച്ചടിച്ചു വന്നിരുന്നു. 2019 ഫെബ്രുവരിയിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. തന്റെ പേഴ്സണൽ ഫോണിൽ നിന്നയച്ച മെസജ് സൗദി ബന്ധം പുലത്തുന്ന അമേരിക്കൻ ടാബ്ളോയിഡിൽ വന്നത് കണ്ട് ബെസോസ് ഞെട്ടി. കാരണം വാർത്ത അക്ഷരംപ്രതി ശരിയാണ്. ഫോൺ ചോർത്തിയ ആളെ കണ്ടെത്താൻ ബെസോസ് പ്രൈവറ്റ് ഡിറ്റക്ടീവിനെ കേസ് ഏൽപ്പിച്ചു. അയാൾ നൽകിയ രഹസ്യ റിപ്പോർട്ടിൽ ഫോൺ ചോർത്തിയത് സൗദി കിരീടാവകാശി ബിൻ സൽമാൻ ആണെന്ന സൂചന നൽകിയിരുന്നു. എന്നാൽ അന്നൊന്നും ഇത് വാർത്തയായില്ല. ഫോൺ ചോർത്തിയത് 2018 മേയിൽ ആയിരുന്നു. ആയിടെ ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ പോസ്റ്റിൽ ബിൻ സൽമാനെ വിമർശിച്ചുകൊണ്ട് പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ ലേഖനങ്ങൾ വന്നിരുന്നു.ബെസോസിന്റെ ഫോൺ ചോർത്തപ്പെട്ട് രണ്ട് മാസം കഴിഞ്ഞാണ് ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസിലേറ്റിൽ വധിക്കപ്പെടുന്നത്.
ബെസോസിന്റെ ഫോൺ ചോർത്തിയതിൽ സൗദി രാജകുമാരന്റെ പങ്ക് അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദ്ധ സംഘം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടതോടെയാണ് അമേരിക്കയിൽ ഇത് വീണ്ടും ചൂടുള്ള വാർത്തയായത്. ബെസോസിന്റെ ഫോണിലേക്ക് സൗദി രാജകുമാരന്റെ പേഴ്സണൽ ഫോണിൽ നിന്ന് വാട്ട്സ് ആപ്പ് സന്ദേശം വന്നിരുന്നതായും യു.എൻ. വിദഗ്ദ്ധ സംഘം വെളിപ്പെടുത്തി. എന്നാൽ ഇത് കെട്ടുകഥയാണെന്ന് പറഞ്ഞ് അമേരിക്കയിലെ സൗദി എംബസി ഉടനടി നിഷേധിക്കുകയും ചെയ്തു.പക്ഷേ സൗദി രാജകുമാരന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് യു.എൻ. വിദഗ്ദ്ധ സംഘം. ഫോൺ ചോർത്തലും ഖഷോഗി വധവും തമ്മിൽ ബന്ധപ്പെടുത്തിയും വാർത്തകൾ വരുന്നുണ്ട്. ബെസോസിന്റെ ഫോൺ ചോർത്തപ്പെട്ടത് സൗദി രാജകുമാരന്റെ ഫോൺ സന്ദേശം സ്വീകരിച്ചതിന് ശേഷമാണെന്ന് ഗാർഡിയൻ പത്രമാണ് വെളിപ്പെടുത്തിയത്. രഹസ്യ കോഡുള്ള വീഡിയോ ഫയലാണ് അയച്ചത്. സൗദിക്കെതിരെ വാർത്തകൾ നൽകുന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ ഉടമയായ ബെസോസിനെ വരുതിക്ക് നിറുത്താൻ വേണ്ടിയാണ് അയാളുടെ രഹസ്യങ്ങൾ ചോർത്തിയതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. ഖഷോഗിയുടെ ഫോണും ഏതാണ്ട് ഇക്കാലയളവിൽ ചോർത്തപ്പെട്ടിരുന്നു.
എങ്ങനെ ചോർത്തി?
2018 മേയ് 1 നാണ് ബെസോസിന്റെ ഫോൺ ചോർത്തിയത്. എം.പി 4 വീഡിയോ ഫയലാണ് വാട്ട്സ് ആപ്പിൽ വന്നത്. ഇത് സൗദി രാജകുമാരൻ വ്യക്തിപരമായി ഉപയോഗിക്കുന്ന ഫോൺ നമ്പരിൽ നിന്നാണ്. ഇതിന് ഒരുമാസം മുമ്പാണ് ബെസോസും ബിൻ സൽമാനും തമ്മിൽ വ്യക്തിപരമായ ഫോൺ നമ്പരുകൾ പരസ്പരം കൈമാറിയത്. എം.പി 4 സന്ദേശം വന്നതിന് പിന്നാലെ ബെസോസിന്റെ ഫോണിൽ നിന്ന് കൂട്ടത്തോടെ ഡേറ്റകൾ പറന്നുപോയി. ഇതിന് ശേഷമാണ് അമേരിക്കൻ ടാബ്ളോയിൽ ബെസോസ് കാമുകിക്ക് അയച്ച സന്ദേശം വള്ളിപുള്ളി തെറ്റാതെ അടിച്ചുവന്നത്.
അമേരിക്കയിൽ കഴിഞ്ഞ ആഴ്ച വാർത്ത വിവാദമായതിനുശേഷവും ബെസോസ് പ്രതികരിച്ചിട്ടില്ല. എന്നാൽ ജമാൽ എന്ന ടാഗോടുകൂടി താൻ ഖഷോഗിയുടെ കാമുകിക്ക് ഒപ്പം നിൽക്കുന്ന ചിത്രം ജനു. 23 ന് ബസോസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സൗദി രാജകുമാരനെതിരെ ഇതുവരെ ആരോപണങ്ങളുടെ പുകവലയം മാത്രമാണ് നിലനിൽക്കുന്നത്. ഇത് അന്വേഷിച്ച് തെളിയിക്കപ്പെടുന്നത് വിചാരിക്കുന്നപോലെ നടക്കുന്ന കാര്യവുമല്ല. അതുകൊണ്ട് കൂടിയാണ് ബെസോസ് പ്രതികരിക്കാൻ തയാറാകാത്തതും.
ഉപയോഗിച്ചത് പെഗാസസ് വൈറസ്?
ബെസോസിന്റെ ഫോൺ ചോർത്താൻ പെഗാസസ് വൈറസ് ഉപയോഗിച്ചെന്നാണ് സംശയിക്കുന്നത്. പെഗാസസ് എന്നത് ചാരപ്രവൃത്തിക്ക് ഉപയോഗിക്കുന്ന ഒരു വൈറസാണ്. ആഡ്രോയിഡിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഫോണിലും മറ്റും ഉപയോഗിക്കാം. ഇസ്രേലി കമ്പനിയാണ് ഇതിന് രൂപം നൽകിയത്. ഇത് ഒരു ഫോണിൽ കയറിയാൽ ആ ഫോണിലെ മുഴുവൻ ടെക്സ്റ്റ് മെസേജും പകർത്തും. ആരെയൊക്കെ ഫോൺ വിളിക്കുന്നു എന്നത് മനസിലാക്കും. പാസ്വേഡുകൾ പോലും ഇത് ഒപ്പിയെടുക്കും.'ലുക്ക്ഔട്ട്' പോലുള്ള സെക്യൂരിറ്റി ആപ്പുകൾ പ്രവർത്തിപ്പിച്ചാൽ ഒരുപക്ഷേ ഇവ നിങ്ങൾക്ക് പെഗാസസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാം.