നയപ്രഖ്യാപനം : തിരുത്താൻ അധികാരമുണ്ടെന്ന് ഗവർണർ

Sunday 26 January 2020 12:15 AM IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രവിരുദ്ധമോ പൗരത്വ ഭേദഗതി നിയമത്തിനെതിരോ ആയ പരാമർശങ്ങളുണ്ടായാൽ അത് വായിച്ച് നോക്കി സർക്കാരിനെ തിരുത്താനും ഉപദേശിക്കാനുമുള്ള അധികാരം തനിക്കുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറ‌ഞ്ഞു. ഭരണഘടനയ്ക്കും ചട്ടങ്ങൾക്കും വിധേയമായി പ്രവർത്തിച്ചില്ലെങ്കിൽ സർക്കാരിനെ ശരിയായ പാതയിൽ നയിക്കാനും തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടേഴ്സ് ദിനാചരണ പരിപാടിക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറെ നീക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ
താൻ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ഗവർണ‌ർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അത് ചട്ടപ്രകാരമാണോ എന്ന് അവർ തന്നെ പരിശോധിക്കട്ടെ എന്നായിരുന്നു മറുപടി. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ആണ് ഗവർണർ. സർക്കാരിനെ ഉപദേശിക്കാനും

തിരുത്താനും പ്രോത്സാഹിപ്പിക്കാനും ശാസിക്കാനും ഗവർണർക്ക് അധികാരമുണ്ട്. ഇത് ഭരണഘടനാ വകുപ്പുകളിലുള്ളതു മാത്രമല്ല. സുപ്രീംകോടതിയും അങ്ങനെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്

ഇത് ഏറ്രുമുട്ടലല്ല. മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടയുമാണ് ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടത്. ജനങ്ങൾ തിര‌ഞ്ഞെടുത്ത മന്ത്രിമാരെ താൻ ബഹുമാനിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരണഘടനയ്ക്കും നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണോ പ്രവർത്തിക്കുന്നത് എന്നുറപ്പാക്കേണ്ടത് ഗവർണറുടെ ചുമതലയാണ്. ഗവർണറും സർക്കാരും വ്യത്യസ്തരല്ല. ഞാൻ ഭരണകൂടത്തിന്റെ തലവനാണ്. ഇത് എന്റെ സർക്കാരാണ്. ഞാനെങ്ങിനെയാണ് എന്നോട് തന്നെ ഏറ്രുമുട്ടുക.

അതേസമയം, തന്നെ അറിയിക്കാതെ സർക്കാർ സുപ്രീംകോടതിയിൽ പോയത് പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന് ഗവർണർ ആവർത്തിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 166(3) പ്രകാരം സംസ്ഥാന സർക്കാരുകൾ തമ്മിലോ സംസ്ഥാനവും കേന്ദ്രവും തമ്മിലോ ഉള്ള തർക്കങ്ങളിൽ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്നുണ്ട്. ഗവർണർക്ക് ഭരണഘടന ചില പ്രത്യേക അധികാരങ്ങളും നൽകുന്നുണ്ട്. അത് ഇവിടെ പ്രയോഗിക്കേണ്ട സന്ദർഭമല്ല.

.