ഫെർണാണ്ടസ്, ജെയ്റ്റ്‌ലി, സുഷമ,മേരികോം എന്നിവർക്ക് പത്മവിഭൂഷൺ,​ ശ്രീ എമ്മിനും എ​ൻ.​ ആ​ർ.​ ​മാ​ധ​വ​ ​മേ​നോ​നും പത്മ ഭൂഷൺ

Sunday 26 January 2020 12:48 AM IST

ന്യൂഡൽഹി:മുൻ കേന്ദ്രമന്ത്രിമാരായ ജോർജ് ഫെർണാണ്ടസ്, അരുൺ ജെയ്റ്റ്‌ലി, സുഷമസ്വരാജ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും മുൻ കേന്ദ്രമന്ത്രിയും മുൻ ഗോവമുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണും പ്രഖ്യാപിച്ചു. എല്ലാവരും എൻ. ഡി. എ നേതാക്കളായിരുന്നു.

ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥ ( മരണാനന്തരം), ലോകചാമ്പ്യനായ വനിതാ ബോക്സറും എം.പിയുമായ മേരികോം, മൗറീഷ്യസ് മുൻ പ്രധാനമന്ത്രി അനിരൂദ് ജുഗനാഥ്, ഹിന്ദുസ്ഥാനി സംഗീത‌‌ജ്ഞൻ ചന്നുലാൽ മിശ്ര എന്നിവർക്കും പത്മവിഭൂഷൺ ലഭിക്കും.

കേരളത്തിൽ നിന്ന് നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ എൻ.ആർ മാധവമേനോന് മരണാനന്തര ബഹുമതിയായും ആത്മീയ നേതാവ് ശ്രീ എമ്മിനും (മുംതാസ് അലി ) പത്മഭൂഷൺ പ്രഖ്യാപിച്ചു. കർണാടക സംഗീതജ്ഞരായ ബോംബെ സിസ്റ്റേഴ്‌സ് ഉൾപ്പെടെ ഏഴ് മലയാളികൾക്ക് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

ഒളിമ്പ്യൻ ബാഡ്മിൻറൺ താരം പി.വി സിന്ധുവിനും പത്മഭൂഷൺ സമ്മാനിക്കും.

രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏഴ് പേർക്ക് പത്മവിഭൂഷണും 16 പേർക്ക് പത്മഭൂഷണും 118 പേർക്ക് പത്മശ്രീയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ പ്രഖ്യാപിച്ചു.

കേരളത്തിന്റെ പത്മശ്രീ

അന്യംനിന്നുപോകുന്ന പരമ്പരാഗതമായ നോക്കുവിദ്യ പാവകളിയുടെ ആചാര്യ മൂഴിക്കൽ പങ്കജാക്ഷി, ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ കുഞ്ഞോൾ,ഹിന്ദിഭാഷ പണ്ഡിതൻ എൻ.ചന്ദ്രശേഖരൻ നായർ, സസ്യശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ , അരുണാചൽ പ്രദേശിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ സത്യനാരായൺ മുണ്ടയൂർ എന്നിവർക്ക് പത്മശ്രീ ലഭിച്ചു. നാലുദശകങ്ങളായി അരുണാചൽ പ്രദേശിലെ വിദൂര പ്രദേശങ്ങളിൽ വിദ്യാഭ്യാസ രംഗത്തും വായനാസംസ്കാരം വളർത്തുന്നതിലും പ്രവർത്തിക്കുന്നയാളാണ് സത്യനാരായൺ മുണ്ടയൂർ. കേരളത്തിൽ ജനിച്ച ഇദ്ദേഹം മുംബയിലെ റവന്യൂവകുപ്പിലെ ജോലി ഉപേക്ഷിച്ച് 1979ൽ അരുണാചൽ പ്രദേശിലെ ലോഹിതിലേക്ക് പോവുകയായിരുന്നു. അങ്കിൾ മൂസ എന്ന് അറിയപ്പെടുന്നു.

പത്മഭൂഷൺ ലഭിച്ച മറ്റുള്ളവർ

സയ്യിദ് മുഅസീം അലി - ബംഗ്ലാദേശ് മുൻ വിദേശകാര്യസെക്രട്ടറി (മരണാനന്തരം)

മുസഫർ ഹുസൈൻ ബെയ്‌ഗ് - ജമ്മുകാശ്മീർ മുൻ ഉപമുഖ്യമന്ത്രി, പി.ഡി.പി നേതാവ്

അജോയ് ചക്രബർത്തി - പശ്ചിമബംഗാൾ- ഹിന്ദുസ്ഥാനി ഗായകൻ

മനോജ് ദാസ് - പുതുച്ചേരി- ഇംഗ്ലീഷ് , ഒഡിയ എഴുത്തുകാരൻ

ബാൽകൃഷ്ണ ദോഷി- ഗുജറാത്ത് - ആർകിടെക്ചർ

കൃഷ്ണമ്മാൾ ജഗന്നാഥൻ - തമിഴ്നാട്- സാമൂഹ്യപ്രവർത്തക

എസ്.സി ജാമിർ - നാഗാലാൻഡ് മുൻമുഖ്യമന്ത്രി

അനിൽ പ്രകാശ് ജോഷി - ഉത്തരാഖണ്ഡ്- സാമൂഹ്യപ്രവർത്തകൻ

ഡോ.സെറിംഗ് ലാൻഡോൾ- ലഡാക്ക് - മെഡിസിൻ

ആനന്ദ് മഹീന്ദ്ര- മഹാരാഷ്ട്ര- വ്യവസായം

പ്രൊഫ.ജഗദീഷ് സേഥ് അമേരിക്ക - സാഹിത്യം, വിദ്യാഭ്യാസം

വേണു ശ്രീനിവാസൻ -തമിഴ്നാട് - ടി.വി.എസ് ഗ്രൂപ്പ് ചെയർമാൻ

പത്മശ്രീ ലഭിച്ച പ്രമുഖർ

സിനിമാ നിർമ്മാതാവ് ഏക്താ കപൂർ

സംവിധായകൻ കരൺ ജോഹർ

ബോളിവുഡ് താരം കങ്കണ റണൗത്ത്

കായിക താരങ്ങളായ എം.പി ഗണേഷ്, ജിതു റായ്, തരുൺദീപ് റായ്, റാണി രാംപാൽ,

ഗായകൻ അദ്നാൻ സാമി

പത്മശ്രീ പങ്കിട്ട് ബോംബെ സിസ്റ്റേഴ്സ്

കർണാടക സംഗീതത്തിലെ ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ലളിത, സരോജ ചിദംബരം സഹോദരിമാർ ഉൾപ്പെടെ എട്ട് പേർ പത്മശ്രീ പുരസ്കാരം പങ്കിട്ടു. തമിഴ്നാട്ടിലെ നാഗസ്വരം കലാകാര ദമ്പതികളായ ഷെയ്ക്ക് മഹബൂബ് സുബാനി, ഖാലീ ഷാബി മഹബൂബ് സുബാനി, സാഹിത്യത്തിലെയും ജേർണലിസത്തിലെയും മികവിന് കർണാടകയിൽ നിന്ന് കെ.വി സമ്പത്ത് കുമാറും വിദുഷി ജയലക്ഷ്‌മി, കൃഷിമേഖലയിലെ മികവിന് ഒഡിഷയിലെ സാമൂഹ്യശാസ്ത്രജ്ഞൻ രാധാമോഹനും മകൾ സബർമതിയും ആണ് പുരസ്കാരം പങ്കിട്ട മറ്റ് പ്രഗൽഭർ.