ഡൽഹി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിക്ക് ഇരുട്ടടി, അരവിന്ദ് കേജ്‌രിവാളിന്റെ പാളയത്തിലേക്ക് മുൻ കേന്ദ്രമന്ത്രി

Sunday 26 January 2020 12:44 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രങ്ങൾ ശേഷിക്കെ ബി.ജെ.പിക്ക് തിരിച്ചടി നൽകി മുൻ കേന്ദ്രമന്ത്രിയും നാല് തവണ എം.എൽ.എയുമായ ഹർഷരൺ സിംഗ് ആം ആദ്മിയിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ ഹരി നഗർ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഹർഷരൺ സിംഗ് ബി.ജെ.പി വിട്ടത്. ഹർഷരണിന് പകരം ഇത്തവണ തജീന്ദർ പൽ സിംഗിനെ ആണ് ഹരി നഗർ സീറ്റിൽ മത്സരിപ്പിക്കുന്നത്.

1993 മുതൽ 2013 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ഹർഷരൺ ആയിരുന്നു. 2013ൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഹർഷരൺ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. എന്നാൽ തോറ്റതിന് പിന്നാലെ വീണ്ടും ബി.ജെ.പിയിലേക്ക് തിരിച്ചെത്തി. ഇപ്പോൾ അരവിന്ദ് കേജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടെയും സാന്നിദ്ധ്യത്തിലാണ് ആം ആദ്മിയിൽ അംഗമായത്.

ഒരു അമ്മയെ പോലെ കെജ്‌രിവാൾ ഡൽഹിയെ സേവിക്കുകയാണെന്ന് പാർട്ടിയിൽ ചേർന്നതിന് ശേഷം ഹർഷരൺ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം അടക്കമുളള മേഖലകളിൽ അരവിന്ദ് കെജ്‌രിവാൾ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റത്തിൽ ആകൃഷ്ടനായിട്ടാണ് താൻ ആംആദ്മി പാർട്ടിയിൽ ചേരാനുളള തീരുമാനമെടുത്തത് എന്നും ഹർഷരൺ പറഞ്ഞു. ഡൽഹിയിലെ വികസനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിക്കുളളത് മികച്ച കാഴ്ചപ്പാടാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് അടുക്കെ ബി.ജെ.പി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അധികാരം പിടിച്ചെടുക്കുന്നതിനായി നരേന്ദ്ര മോദി മുതൽ അമിത് ഷാ വരെ ഡൽഹിയിലെ പ്രചരണ രംഗത്തുണ്ട്.