സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ല; പ്രതിപക്ഷത്തിന്റെ ശ്രമം മറ്റൊന്ന്: മന്ത്രി ബാലൻ

Sunday 26 January 2020 8:22 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി എ.കെ. ബാലൻ. ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവർണറും സർക്കാരും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പ്രതിപക്ഷത്തിന്റേതു കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടിസ് സ്പീക്കർ തള്ളിയിട്ടില്ല. നോട്ടിസ് നിയമപരമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ചട്ടം 130 പ്രകാരം നിയമസഭയിൽ പ്രമേയം ആവശ്യപ്പെടാം. സഭയിൽ ചർച്ച ചെയ്യണോയെന്ന് കാര്യോപദേശക സമിതി തീരുമാനിക്കുമെന്നും സ്പീക്കർ അറിയിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വികസന മുന്നേറ്റത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളം കെെവരിച്ച നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഗവർണർ.