"ഡൽഹിയിൽ ആംആദ്മി തന്നെ വിജയിക്കും,​ പണം കൊണ്ടും കയ്യൂക്ക് കൊണ്ടും എല്ലാം നേടാനാവില്ല": ബി.ജെ.പിക്കെതിരെ ഒളിയമ്പുമായി സച്ചിൻ പെെലറ്റ്

Monday 27 January 2020 11:54 AM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ആംആദ്മി പാര്‍ട്ടി തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് പറഞ്ഞു. എല്ലാം പണം കൊണ്ടും കയ്യൂക്ക് കൊണ്ടും നേടാനാവില്ലെന്നും ബി.ജെ.പിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുക.

അവസാനമായി പുറത്ത് വന്ന ന്യൂസ് എക്‌സ് സര്‍വേയും ആംആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിച്ചിരുന്നു. ന്യൂസ് എക്സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ പ്രവചനം. ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി രണ്ടക്കം കടക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 12 മുതല്‍ 15 സീറ്റ് വരെ ബി.ജെ.പി നേടിയേക്കും.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 70ല്‍ 67 സീറ്റുകള്‍ നേടിയാണ് 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ശേഷിച്ച മൂന്ന് സീറ്റ് ബി.ജെ.പിക്കായിരുന്നു.