മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നു:മുല്ലപ്പള്ളി

Tuesday 28 January 2020 12:06 AM IST

തിരുവനന്തപുരം: .ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നൽകിയ പ്രമേയത്തോട് വഴിപാടെന്ന നിലയിൽപ്പോലും പ്രതികരിക്കാതെ മുഖ്യമന്ത്രി. ഒളിച്ചുകളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു അവ്യക്തതയുടെ നിഴലിലും അനിശ്ചിതത്വത്തിന്റെ തടവറയിലുമാണദ്ദേഹം.

ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖലയിൽ ആത്മാഭിമാനമുള്ള ഒറ്റ കോൺഗ്രസ്സുകാരനും പങ്കെടുത്തില്ല.. മുസ്ലീം ലീഗിന്റെ അണികൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ അഭിപ്രായം പറയേണ്ടത് ലീഗാണ്. മനുഷ്യ മഹാശൃംഖല പരാജയമായിരുന്നു. മഹാശൃംഖലയിലെ സമസ്ത അടക്കമുള്ള മുസ്ലിംസംഘടനകളുടെ പങ്കാളിത്തം ഇടതുപക്ഷത്തിന് ഗുണമാകില്ലേയെന്ന് ചോദിച്ചപ്പോൾ, ദേശീയരാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്നവരാണ് ജനങ്ങൾ എന്നായിരുന്നു മറുപടി. വനിതാമതിലിൽ പങ്കെടുത്തവരിൽ നാല്പത് ശതമാനവും വോട്ട് ചെയ്തത് യു.ഡി.എഫിനാണ്.

മുരളിയോട് സഹതാപം

കണ്ണുരുട്ടൽ തന്നോട് വേണ്ടെന്നും മോദിയോടും പിണറായിയോടും മതിയെന്നും തന്നെ ലക്ഷ്യമിട്ട് കെ. മുരളീധരൻ നടത്തിയ പ്രതികരണത്തോട് സഹതപിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. 'അദ്ദേഹം എന്നോട് തന്നെയാണിത് പറയേണ്ടത്. നന്നായിട്ടുണ്ട്'. കെ.പി.സി.സി പുന:സംഘടനയിൽ വനിതാപ്രാതിനിദ്ധ്യം കുറഞ്ഞതിനെതിരെ പരസ്യവിമർശനം നടത്തിയ ലതിക സുഭാഷിനോട് വിശദീകരണം ചോദിക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.