കൊറോണ: ചൈനയ്ക്ക് പുറത്ത് ആദ്യ മരണം ഫിലിപ്പിൻസിൽ, സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
Monday 03 February 2020 11:51 PM IST
മനില: ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ഫിലിപ്പിൻസിൽ റിപ്പോർട്ട് ചെയ്തു. മരണമടഞ്ഞയാൾ ചൈനയിലെ വുഹാൻ സ്വദേശിയാണ്. ഇക്കാര്യം ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. മരണമടഞ്ഞയാൾ ഉൾപ്പെടെ രണ്ടുപേർക്കാണ് ഫിലിപ്പിൻസിൽ കൊറോണ ബാധിച്ചത്. ജനുവരി 25ന് ന്യൂമോണിയ രോഗം ബാധിച്ചാണ് ഇയാളെ മനിലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനീസ് പൗരത്വമുള്ള സ്ത്രീക്കൊപ്പമാണ് ഇയാൾ ഫിലിപ്പിൻസിലെത്തിയത്. ഈ സ്ത്രീയിലാണ് ഫിലിപ്പിൻസിൽ ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.
ഇന്ത്യ, യു.എസ്, റഷ്യ, ബ്രിട്ടൻ ഉൾപ്പെടെ 25 രാജ്യങ്ങളിലുള്ളവർക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത് 304 പേരാണ്. യു.എ.ഇയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാൻ സ്വദേശി അടക്കം അഞ്ചു പേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.