തസ്ലീം നാട്ടിൽ ഡോൺ ദുബായിൽ റോയുടെ ഏജന്റ്, സ്വയം വിശേഷണങ്ങൾ കുരുക്കായി, ജയിലിൽ നിന്നും ജാമ്യത്തിൽ നാട്ടിലേക്ക് മടങ്ങവേ ക്വട്ടേഷൻസംഘം കൊലപ്പെടുത്തി
കാസർകോട് : അഫ്ഗാൻ പൗരന്റെ സഹായത്തോടെ ജ്വല്ലറി കവർച്ച നടത്തിയതിന് ജയിലിലായ യുവാവിനെ ജാമ്യത്തിലിറങ്ങിയ ദിവസം ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസർകോട് കീഴൂർ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെയാണ് (38) ഇന്നലെ വൈകിട്ട് കർണാടകയിലെ ബണ്ട്വാളിൽ വച്ച് സംഘം കാറിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘത്തിലെ നാലു പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. തസ്ളീമിനെ മുൻപും നിരവധി കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടണ്ട്. ഫേസ്ബുക്കിലടക്കം താൻ ഡോണാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന തസ്ളീമിനെ ഡൽഹിയിൽ നിന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തിരുന്നു.
ദുബായിൽ വിലസിയത് റോയുടെ വ്യാജ ഏജന്റായി
ചെറുപ്പത്തിൽത്തന്നെ ദുബായിലെത്തി ജോലിക്ക് ചേരുകയും അവിടുത്തെ അധോലോകത്തിന്റെ വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതോടെ തസ്ലിം അന്വേഷണ സംഘത്തിന്റെ ഉറ്റതോഴനായി മാറിയിരുന്നു. 'ഇൻഫോർമർ' എന്ന നിലയിലാണ് പിന്നീട് തസ്ലിമിന്റെ വളർച്ച. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്നാണ് ഇയാൾ അപകാശപ്പെട്ടിരുന്നത്. അതേ സമയം ആർ.എസ്.എസ് നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് ഡൽഹി പൊലീസും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നാട്ടിൽ ബേക്കൽ, കാസർകോട് സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം
കേസുകളിൽ ഇയാൾ പ്രതിയാണ്.
അഫ്ഗാൻ സ്വദേശിയുൾപ്പെട്ട ഒരു ജുവലറി കവർച്ചാ കേസിൽ കഴിഞ്ഞ സെപ്തംബർ 16 നാണ് തസ്ളീമിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് സുഹൃത്തുക്കൾക്കൊപ്പം കാസർകോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം തസ്ളീമിനെ തട്ടിക്കൊണ്ടുപോയത്. കാസർകോട്ടേയ്ക്ക് കാറിൽ വരുന്നതിനിടെയാണ് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് തസ്ളീമിന്റെ സഹോദരന്റെ പരാതിയിൽ കർണാടകയിലെ നെലോഗി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊല നടന്നത്. ഇന്നലെ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെ ബണ്ട്വാളിന് സമീപം കാറിൽ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് പിന്നിൽ ഗുണ്ടകളുടെ കുടിപ്പക
കാസർകോട് ചെമ്പരിക്ക സ്വദേശി തസ്ലീമിന്റെ കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന വിവരം പുറത്തുവന്നു. നേരത്തെ കൊല്ലപ്പെട്ട ഉപ്പളയിലെ ഗുണ്ടാനേതാവിന്റെ സംഘത്തിൽപ്പെട്ടവരും എതിരാളികളും തമ്മിലുള്ള കുടിപ്പകയാണ് തസ്ലീമിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ഉപ്പളയിലെ കൊല്ലപ്പെട്ട ഗുണ്ടാനേതാവിനും സംഘത്തിനും തോക്കും മറ്റ് ആയുധങ്ങളും എത്തിച്ചുനൽകിയത് തസ്ളീമായിരുന്നു. ഇതേതുടർന്നാണ് തസ്ലീം ഗുണ്ടാ നേതാവിന്റെ എതിരാളികളുടെ ശത്രുവായി മാറിയത്. കർണാടകയിലെ ജ്വല്ലറി കവർച്ച കേസിൽ തസ്ലിമിനെ കുടുക്കിയതും ഇതേ ഗുണ്ടാസംഘം തന്നെയാണ്. ഇന്നലെ ഇന്നോവ കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് തസ്ളീമിന്റെ മൃതദേഹം കണ്ടത്.