പ്രിയപ്പെട്ട പ്രധാനമന്ത്രി,​ ദയവായി മാന്ത്രിക വ്യായാമ മുറകൾ കൂടുതൽ ആവർത്തിക്കൂ, എങ്ങാനും അതിലൂടെ രക്ഷപ്പെട്ടാലോ: 'മോദിണോമിക്സുമായി' രാഹുൽ ഗാന്ധി

Monday 03 February 2020 11:30 AM IST

ന്യൂഡൽഹി: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ രണ്ടാമത്തെ പൊതുബഡ്ജറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ മാന്ത്രിക വ്യായാമ മുറകൾ സമ്പദ്‌വ്യവസ്ഥയിൽ ചലനം സൃഷ്ടിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റാണ് രാഹുൽ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്.

നരേന്ദ്ര മോദി വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പരിഹാസവുമായി രാഹുൽ ഗാന്ധി എത്തിയത്. 'മോദിണോമിക്‌സ്' എന്ന ഹാഷ്ടാഗും അദ്ദേഹം ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. 'പ്രിയപ്പെട്ട പി.എം,​ദയവായി താങ്കളുടെ മാന്ത്രിക വ്യായാമ മുറകൾ കൂടുതൽ ആവർത്തിക്കൂ. നിങ്ങൾക്കറിയില്ല, ​അത് ഒരുപക്ഷേ സമ്പദ്‌വ്യവസ്ഥയിൽ ചലനം സൃഷ്ടിച്ചേക്കാം'-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

2018ൽ വിരാട് കൊഹ്‌ലി മോദിയെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ചുകൊണ്ടുള്ള ഒരു ചലഞ്ച് മുന്നോട്ടുവെച്ചിരുന്നു. ഇത് ഏറ്റെടുത്ത പ്രധാനമന്ത്രി വ്യായാമം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതാണ് ഇപ്പോൾ രാഹുൽ ഗാന്ധി പരിഹസിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നാം തീയതി ബ‌ഡ്‌ജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ അതിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പൊള്ളയായ ബഡ്ജറ്റാണെന്നും, തന്ത്രപരമായ ഒരു ആശയവും താൻ ബഡ്ജറ്റിൽ കണ്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.