നിർഭയ കേസ് :ഹാർ ജയിലധികൃതരുടെ ഹർജി തള്ളി, പുതിയ മരണ വാറണ്ട് ഉടനില്ല

Saturday 08 February 2020 2:42 AM IST

ന്യൂഡൽഹി :ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മരണ വാറണ്ടിറക്കാനാകില്ലെന്ന് വിമർശിച്ച്, നിർഭയ കേസിൽ തീഹാർ ജയിലധികൃതരുടെ ഹർജി പട്യാല കോടതി തള്ളി.എല്ലാ പ്രതികളും നിയമപരമായ അവകാശങ്ങൾ വിനിയോഗിച്ചെന്നും അതിനാൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നുമായിരുന്നു വാദം.എന്നാൽ,പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരുടെ ദയാഹർജി അടക്കം രാഷ്ട്രപതി തള്ളിയെങ്കിലും പവൻ ഗുപ്ത ഇപ്പോഴും നിയമത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹനാണെന്ന് കോടതി പറഞ്ഞു. പവൻ ഗുപ്ത എന്തുകൊണ്ട് നേരത്തെ അപേക്ഷ നൽകിയില്ലെന്ന് പ്രോസിക്യൂട്ടർ ചോദിച്ചെങ്കിലും ,കേസ് സുപ്രീംകോടതിയുടെ അടക്കം പരിഗണനയിലിരിക്കുന്നതിനാൽ പുതിയ മരണ വാറന്റ് ഇപ്പോൾ നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. .

അതേസമയം ദയാഹർജി തള്ളിയ മൂന്ന് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയാൽ മതിയെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു.. എന്നാൽ പവൻ ഗുപ്തയുടെയും നിയമ നടപടികൾ പൂർത്തിയാകട്ടെയെന്ന് ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ ബഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും ബഞ്ച് വ്യക്തമാക്കി.