രാമക്ഷേത്ര ട്രസ്റ്റ്: ആദ്യ യോഗം 19ന് ഡൽഹിയിൽ

Sunday 09 February 2020 10:27 PM IST

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ഫെബ്രുവരി 19ന് നടക്കും. മുതിർന്ന അഭിഭാഷകനും ട്രസ്റ്റ് അംഗവുമായ കെ. പരാശരന്റെ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പാർട്ട് വൺ വസതിയിലാണ് യോഗം. ആദ്യ യോഗം അയോദ്ധ്യയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

രാമക്ഷേത്ര നിർമ്മാണം എന്നുതുടങ്ങണമെന്നതാണ് പ്രധാന അജൻഡ. ഫെബ്രുവരി 18ന് ട്രസ്റ്റ് അംഗങ്ങളെല്ലാം ഡൽഹിയിലെത്തും. രാമനവമി ദിനമായ ഏപ്രിൽ രണ്ടിനോ, അക്ഷയ ത്രിതീയ ദിവസമായ ഏപ്രിൽ 26നോ നിർമ്മാണം തുടങ്ങാനാണ് പ്രാഥമിക ആലോചന.

2022 ഓടെ രാമക്ഷേത്രം പൂർത്തിയാകുമെന്ന് ട്രസ്റ്റിലെ അംഗമായ കാമേശ്വർ ചൗപാൽ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിച്ചത്. അയോദ്ധ്യകേസിൽ ഹിന്ദുകക്ഷികൾക്കുവേണ്ടി വാദിച്ച പരാശരന്റെ വസതിയാണ് ട്രസ്റ്റിന്റെ ഓഫീസ്. പരാശരനടക്കം ട്രസ്റ്റിൽ 9 സ്ഥിരാംഗങ്ങളും ആറ് നോമിനേറ്റഡ് അംഗങ്ങളുമാണുള്ളത്. വിവിധ ഹിന്ദു മഠാധിപതികൾ, നിർമോഖി അഘാഡ, അയോദ്ധ്യയിലെ സർക്കാർ - കേന്ദ്ര സർക്കാർ പ്രതിനിധികൾ എന്നിവരാണ് ഉൾപ്പെട്ടത്.

ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി രാമജന്മഭൂമി ന്യാസ് തലവൻ മഹന്ത് നൃത്യഗോപാൽ ദാസിനെ നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.