പൂജ്യത്തിൽ നിന്ന് പൂജ്യത്തിലേക്ക്, ഡൽഹിയിൽ കോൺഗ്രസിന്റെ വേര് മുറിഞ്ഞതിന് പിന്നിൽ ഈ ഒറ്റകാരണം മാത്രം
ന്യൂഡൽഹി: കോൺഗ്രസിന് നിലനിൽപ്പിന്റെ സമരമായിരുന്നു ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. നിർണായക വിജയമൊന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ തവണത്തെ പൂജ്യം എന്ന നിലയിൽ നിന്ന് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കടുത്ത യത്നത്തിലായിരുന്നു പാർട്ടി. പൗരത്വനിയമഭേദഗതിക്കെതിരെ ഡൽഹിയിൽ ഉയരുന്ന പ്രതിഷേധം കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ.
പതിനഞ്ച് വർഷത്തെ ഷീലാ ദീക്ഷിത് സർക്കാരിന്റ പ്രവർത്തനനേട്ടങ്ങൾ തന്നെയായിരുന്നു കോൺഗ്രസ് പ്രധാനമായും ഉയർത്തികാട്ടിയത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.എ.പി.യെ പിന്തള്ളി രണ്ടാംസ്ഥാനത്തായതിന്റെ ആത്മവിശ്വാസവും കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ ശക്തരായ നേതാക്കൾ മുൻനിരയിൽ നിന്ന് നയിക്കാനോ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലാത്തതോ കോൺഗ്രസിന് തിരിച്ചടിയായി. ഷീലാ ദീക്ഷിത്തിന്റെ മരണത്തിനുശേഷം സമാന വ്യക്തിപ്രഭാവമുള്ള നേതാവിനെ ഉയർത്തി കൊണ്ടുവരാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. പാർട്ടിക്കകത്തെ രൂക്ഷമായ ആഭ്യന്തരകലഹവും അതി ദുർബലമായ സംഘടനാ സംവിധാനവും കോൺഗ്രസിന് ക്ഷീണമായി.
എ.എ.പി.ക്കും ബി.ജെ.പി.ക്കും സംസ്ഥാനത്തുള്ള ശക്തമായ സ്വാധീനത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കോൺഗ്രസിനായില്ല. താഴെത്തട്ടിലുള്ള പ്രവർത്തനശേഷിയുടെ വൻ അഭാവത്തിൽ കോൺഗ്രസിന് പിടിച്ചു നിൽക്കാനായില്ല. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ആം ആദ്മിയിലേക്ക് പോകുന്നുവെന്ന് ഒന്നുകൂടി തെളിയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഡൽഹിയിൽ കടന്നുപോകുന്നത്.