സിനിമയിൽ അവസരം ലഭിക്കുന്നില്ല, മനംനൊന്ത് യുവനടി തൂങ്ങി മരിച്ചു

Wednesday 12 February 2020 1:11 PM IST

കൊൽക്കത്ത: ബംഗാളി യുവനടി സുബർണ ജഷ് ആത്മഹത്യ ചെയ്‌തു. ബർദ്വാനിലെ സ്വവസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബർദ്വാൻ സ്വദേശിയായ നടി പഠനത്തിനായി കൊൽക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയിൽ നല്ലൊരു റോൾ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു.

പഠനത്തിനിടയിലും അനേകം ഓഡിഷനുകളിൽ പങ്കെടുത്തുകൊണ്ടിരുന്നു. ചെറിയ റോളുകളിൽ ചില ടി.വി സീരിയലുകളിൽ അവസരം ലഭിച്ചു. 'മയൂർപംഘി' എന്ന സീരിയലിൽ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. എന്നാൽ നല്ല അവസരങ്ങൾ ഒന്നും തന്നെ കിട്ടാത്തതിനാൽ കുറച്ചു നാളുകളായി വിഷമത്തിലായിരുന്ന സുബർണ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.

ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും സംശയകരമായ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നടിയെ നയിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.