വോട്ട് ബാങ്കായ പട്ടേൽ സമുദായത്തിൽ നിന്ന് ബി.ജെ.പിക്കെതിരെ വാളോങ്ങി കോൺഗ്രസിലേക്ക് ചേക്കേറി, തിരോധാനത്തിന് പിന്നിലാര്?

Wednesday 12 February 2020 3:54 PM IST

അഹമ്മദാബാദ്: പട്ടേൽ പ്രക്ഷോഭ നായകനും ഗുജറാത്തിലെ കോൺഗ്രസ് നേതാവുമായ ഹാർദിക് പട്ടേലിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ കിഞ്ചൽ നൽകിയ പരാതി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടു. ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിച്ചതിന് പൊലീസ് അദ്ദേഹത്തെ രഹസ്യമായി തടവിലാക്കിയെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി. സംസ്ഥാന പൊലീസ് മേധാവിയുടെ ഒരു കമന്റ് ഉയർത്തിക്കാട്ടിയാണ് അവർ തങ്ങളുടെ ആരോപണത്തിന് സാധുതയേകുന്നത്. ഹാർദിക്കിനെ കാണാതായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അയാളെക്കുറിച്ച് ഇപ്പോൾ പറയേണ്ട കാര്യമുണ്ടോ എന്നായിരുന്നു പൊലീസ് മേധാവി ശിവാനന്ദ് ജായുടെ മറുചോദ്യം. ഹാർദിക്കിന്റെ തിരോധാനത്തെക്കുറിച്ച് അധികൃതർക്ക് ചിലതൊക്കെ അറിയാമെന്നതിന് തെളിവാണിതെന്നാണ് അവർ പറയുന്നത്.

ഭാര്യ പറയുന്നത്

2015ൽ പട്ടേൽ വിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇൗ കേസിൽ ജനുവരി 18നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നാല് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളിൽ വീണ്ടും അറസ്റ്റിലായി. ജനുവരി 24ന് ഈ കേസുകളിലും ജാമ്യം ലഭിച്ചു. വിചാരണയ്ക്ക് ഹാജരാകാത്തിനെ തുടർന്ന് കോടതി ഫെബ്രുവരി ഏഴിന് വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ, അറസ്റ്റിലായതിന് ശേഷം അദ്ദേഹത്തെക്കുറി​ച്ച് വിവരമൊന്നുമില്ല. പൊലീസ് തുടർച്ചയായി വീട്ടിൽ പരിശോധനക്കെത്തുന്നു. അദ്ദേഹം എവിടെയെന്നാണ് അവർക്ക് അറി​യേണ്ടത്.

ആ പ്രക്ഷോഭം

ഗുജറാത്തി​ൽ ബി​.ജെ.പി​ക്ക് ചെറുതല്ലാത്ത തലവേദന ഉയർത്തി​യ യുവരക്തമാണ് ഹാർദി​ക് പട്ടേൽ. പൊതുവിൽ ബി.ജെ.പിക്ക് അനുകൂലസമീപനം എന്നും പുലർത്തുന്നവരായിരുന്നു പട്ടേൽ സമുദായം. വോട്ടുബാങ്കാണെങ്കിലും സമുദായത്തിന് ആവശ്യമായ ഒന്നും ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു ഹാർദിക്കിന്റെ പ്രധാന ആരോപണം.പട്ടേൽ സമുദായത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകണമെന്നാവശ്യപ്പെട്ട് 2015 ജൂലായിലാണ് പട്ടേൽ സംവരണ പ്രക്ഷോഭം ആരംഭിച്ചത്. ഹാർദിക്കിന്റെ തീപ്പൊരിപ്രസംഗത്തിൽ ആവേശം മൂത്ത് നൂറുകണക്കിന് സമുദായാംഗങ്ങളാണ് തെരുവിലിറങ്ങിയത്. പ്രത്യേകിച്ചും യുവാക്കൾ. ആദ്യമൊന്നും ബി​.ജെ.പി​ ഹാർദി​ക്കി​നെയും പ്രക്ഷോഭത്തെയും കാര്യമായി​ മൈൻഡുചെയ്തി​ല്ലെങ്കി​ലും തങ്ങളുടെ പ്രധാന വോട്ടുബാങ്കായ പട്ടേൽ സമുദായം അകന്നുപോകും എന്ന് വ്യക്തമായതോടെ പ്രക്ഷോഭത്തെ സർക്കാർ നേരി​ട്ടു.

ഇതിനിടെ പ്രക്ഷോഭം സംഘർഷത്തിലേക്ക് വഴിമാറിയത് ബി.ജെ.പിക്ക് അനുകൂലമായി. ഏഴു യുവാക്കൾ കൊല്ലപ്പെട്ട പ്രക്ഷോഭത്തിൽ നാൽപ്പതുകോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സമുദായത്തിൽ നിന്ന് ഒരുവിഭാഗത്തെ അടർത്തിമാറ്റാൻ ബി.ജെ.പിക്ക് കഴിഞ്ഞതും ഹാർദിക്കിന് തിരിച്ചടിയായി. പ്രക്ഷോഭം ലക്ഷ്യംകണ്ടില്ലെങ്കിലും ബി.ജെ.പിയോട് അടുക്കാൻ പക്ഷേ, അദ്ദേഹം കൂട്ടാക്കിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് ചെറുതല്ലാത്ത നേട്ടമുണ്ടാക്കാനും ഹാർദിക്കിലൂടെ കഴിഞ്ഞു.

കോൺഗ്രസിലേക്ക്

കഴി​ഞ്ഞ ലോക്സഭാ തി​രഞ്ഞെടുപ്പി​ന് തൊട്ടുമുമ്പാണ് തന്റെ സംഘടന പിരിച്ചുവിട്ട് ഹാർദിക് കോൺഗ്രസിൽ ചേർന്നത്. പട്ടേൽ രാഷ്ട്രീയമല്ല ഇനി എല്ലാവർക്കും വേണ്ടിയുള്ള പ്രവർത്തനമാണ് എന്നാണ് സംഘടന പിരിച്ചുവിടുംമുമ്പ് അദ്ദേഹം പറഞ്ഞത്. രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും പിന്തുണയ്ക്കുകയാണ് ശരിയായ നയമെന്നും അദ്ദേഹം പറഞ്ഞു. കലാപകേസിൽ പ്രതിയായതിനാൽ മത്സരിക്കാനായില്ല.എങ്കിലും ഗുജറാത്തിലുൾപ്പെടെ ബി.ജെ.പിക്കെതിരെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാർദിക് അത്ഭുതം കാട്ടുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. അതോടെ നിശബ്ദനായി കഴിയുകയായിരുന്നു.

 1993 ജൂലായ് 20ന്, ഗുജറാത്തി പാട്ടീൽ കുടുംബത്തിലെ ഭരത്, ഉഷ പട്ടേൽ ദമ്പതികളുടെ മകനായാണ് ഹാർദ്ദിക് പട്ടേൽ ജനിച്ചത്. ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന, പഠനത്തിൽ ശരാശരി മാത്രം നിലവാരമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു ഹാർദിക്.
 കോളേജ് വിദ്യാഭ്യാസ കാലത്ത്, വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2012 ഒക്ടോബർ 31 ന് സർദാർ പട്ടേൽ ഗ്രൂപ്പ് (എസ്.പി.ജി) എന്ന യുവജന സംഘടനയിൽ ചേർന്നു. അപ്പോഴാണ് പട്ടീദാർ വിഭാഗം, സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി സംബന്ധമായി അനുഭവിക്കുന്ന അവഗണനയെക്കുറിച്ച് കൂടുതൽ അറിയുന്നത്.

 2015 ൽ എസ്.പി.ജി തലവൻ ലാൽജി പട്ടേലുമായുണ്ടായ അഭിപ്രായ ഭിന്നതയെതുടർന്ന് സംഘടനയിൽ നിന്നും രാജിവച്ചു. തുടർന്ന് പട്ടീദാർ അനാമത് ആന്ദോളൻസമിതി (പാസ്) രൂപീകരിച്ചു.