ഒരു കട്ട് പോലുമില്ലാതെ ട്രാൻസ്: ഈ മാസം 20ന് തീയറ്ററുകളിലെത്തും
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് ഫെബ്രുവരി 20ന് റിലീസ് ചെയ്യും. കേരളത്തിലെ നൂറ്റി എഴുപതോളം തിയേറ്ററുകളിലാണ് ചിത്രമെത്തുക.
ഫെബ്രുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന ട്രാൻസിന്റെ റിലീസ് വൈകിയത് സെൻസറിംഗുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണമാണ്.
ചിത്രത്തിലെ ചില രംഗങ്ങൾ വിവാദമുണ്ടാക്കിയേക്കുമെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് നിർദ്ദേശിച്ച കട്ടുകളോട്സംവിധായകൻ അൻവർ റഷീദ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സെൻസർ ബോർഡ് ചിത്രം റിവൈസിംഗ്കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചു.
ഒറ്റ കട്ട് പോലുമില്ലാതെയാണ് റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. അൻവർ റഷീദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ട്രാൻസിൽ നസ്രിയയാണ് ഫഹദിന്റെ നായിക. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, വിനായകൻ ശ്രീന്ദ എന്നിവരാണ് മറ്റ് താരങ്ങൾ. ഗൗതം മേനോനാണ് പ്രതിനായകൻ. നവാഗതനായ വിൻസന്റ് വടക്കന്റേതാണ് രചന. കാമറ : അമൽ നീരദ്. എ ആൻഡ് എ റിലീസാണ് ട്രാൻസ് തിയേറ്ററുകളിലെത്തിക്കുന്നത്.