ഇന്ത്യയിലെത്തുന്ന ട്രംപ് അത് കാണരുത്,​ ഗുജറാത്തിൽ തകൃതിയായി മതിൽ പണി തുടരുന്നു

Thursday 13 February 2020 7:05 PM IST

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരികൾ മതിൽകെട്ടി മറയ്ക്കുന്നു.. നഗരം മോടിപിടിപ്പിക്കുന്നതിന്റ ഭാഗമായാണ് ചേരിപ്രദേശങ്ങള്‍ മറച്ച് മതിൽ പണിയാൻ മുനിസിപ്പിൽ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്..

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതിൽ പണിയുന്നത്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് റോഡ്‌ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള വഴിയിലെ ചേരിപ്രദേശമാണ് മുനിസിപ്പൽ കോർപ്പറേഷൻ മറയ്ക്കുന്നത്. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.

വിമാനത്താവളത്തിനും മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡിൽ അരകിലോമീറ്ററിലധികം നീളവും ആറ് മുതൽ ഏഴ് അടി വരെ ഉയരവുമുള്ള മതിലാണ് പണിയുന്നത്. ഇതുമായി ബന്ധപ്പെട്ട പണികൾ ആരംഭിച്ചു കഴിഞ്ഞു.

ഈ വഴിയിൽ അഞ്ഞൂറോളം കുടിലുകളിലായി 2500 പേർ താമസിക്കുന്നതായിട്ടാണ് കണക്കുകൾ. ഈ കാഴ്ച മറയ്ക്കാനാണ് അരകിലോമീറ്ററോളം ഉയരത്തിൽ മതിൽക്കെട്ടുന്നത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സബർമതി റിവർ‌ഫ്രണ്ട് സ്ട്രെച്ചിനൊപ്പം വലിയ ഈന്തപ്പനകളും മുനിസിപ്പല്‍ കോര്‍പ്പറേഷൻ നടുന്നുണ്ട്.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തന്നെ വരവേൽക്കാൻ അമ്പത് മുതൽഎഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നൽകിയതായി ട്രംപ് പറഞ്ഞിരുന്നു. അഹമ്മദാബാദിൽപുതുതായി നിർമിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റൻ സ്വീകരണമൊരുക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം വരെ റോഡ്ഷോ നടക്കും.