കൂട്ടുകാരനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ഒരു സന്ദേശമയച്ചു,​ ആതോടെ ലൈസൻസ് പോയി

Friday 14 February 2020 11:22 AM IST

കൊച്ചി: കൂട്ടുകാർക്ക് തന്നോടുള്ള ഇഷ്ടക്കൂടുതൽ കാരണം യുവാവിന് ലൈസൻസ് നഷ്ടമായി. സ്ഥിരമായി ഹെൽമറ്റ് ഇല്ലാതെയാണ് ഇയാൾ വണ്ടിയൊടിച്ചിരുന്നത്. ഇതവസാനിപ്പിക്കാനായി സഹപാഠികൾ ചെയ്ത തന്ത്രമാണ് ലൈസൻസ് പോകാൻ കാരണമായത്.

എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിൽ നിന്ന് ഭാരത് മാത കോളേജിലേക്ക് ഹെൽമറ്റ് വയ്ക്കാതെ പോകുന്ന ചിത്രം കൂട്ടുകാർ പകർത്തി ജോയിന്റ് ആർ.ടി.ഒ കെ. മനോജിന് അയച്ചു കൊടുത്തു. ബൈക്കിന്റെ നമ്പർ നോക്കി അദ്ദേഹം ഉടമയെ കണ്ടെത്തി. തുടർന്ന് യുവാവിനെ വിളിച്ച് വരുത്തുകയും, ഹെൽമറ്റ് ധരിക്കാത്തത് എന്തെന്ന് ചോദിക്കുകയും ചെയ്തെങ്കിലും യുവാവ് കുറ്രം നിഷേധിച്ചു. എന്നാൽ ഫോട്ടോ കാണിച്ചതോടെ സമ്മതിച്ചു.

യുവാവിന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടാതെ പിഴയും അടയ്ക്കേണ്ടിയും വന്നു. അതേസമയം ആരാണ് ഫോട്ടോ അയച്ച് തന്നതെന്ന് ജോയിന്റ് ആർ.ടി.ഒ വിദ്യാർത്ഥിയോട് വെളിപ്പെടുത്തിയില്ല.