രാജ്യം അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല, അവർക്ക് എന്റെ ആദരം: പുൽവാമ ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി

Friday 14 February 2020 11:43 AM IST

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, കൊല്ലപ്പെട്ട 40 സി.ആർ.പി.എഫ് സൈനികർക്ക് തന്റെ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷിത്വത്തെ ഒരിക്കലും മറക്കുകയില്ലെന്നും അവർക്ക് താൻ തന്റെ ആദരം അർപ്പിക്കുകയാണെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. പുൽവാമയിൽ ഫെബ്രുവരി 14ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ സ്‌ഫോടനത്തിലാണ് വയനാട് സ്വദേശിയായ വി.വി വസന്തകുമാർ ഉൾപ്പെടെയുള്ള സൈനികർ വീര ചരമമടഞ്ഞത്.

'കഴിഞ്ഞ വർഷം ഉണ്ടായ അതിദാരുണമായ പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടമായ ധീര രക്തസാക്ഷികൾക്ക് എന്റെ ആദരാഞ്ജലികൾ. രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവച്ച അതിവിശിഷ്ട വ്യക്തികളായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കുകയില്ല.' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ജമ്മു കാശ്‌മീരിലെ പുൽവാമയിൽ പാക് ഭീകരർ കൂട്ടക്കൊല ചെയ്‌ത 40 സി. ആർ. പി. എഫ് ജവാന്മാരുടെ രക്തസാക്ഷിത്വ സമരണയിൽ ഇന്ന് രാജ്യം ഭീകരവിരുദ്ധ പോരാട്ടത്തിനായി പുനരർപ്പണം ചെയ്യുകയാണ്.പുൽവാമയിലെ ദേശീയപാത 44ൽ അവന്തിപോറ ടൗണിലെ ലെത്പോറയിൽ വച്ചാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുണ്ടായ ഇന്ത്യാ പാക് സംഘർഷം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു.