പ്രണയത്തിനൊടുവിൽ ആ കത്തെഴുതിവെച്ച് അഴിക്കോട് മാഷ് പോയി, വർഷങ്ങൾക്കിപ്പുറം ആശുപത്രിക്കിടക്കയിൽ പൂച്ചെണ്ടുമായി ടീച്ചറെത്തി

Friday 14 February 2020 12:17 PM IST

നഷ്ടപ്രണയത്തിന്റെ സങ്കടങ്ങളുടെ ലോകത്തല്ല, ജീവിത സായന്തനത്തിലെങ്കിലും ആ കരംഗ്രഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിലാസിനി ടീച്ചർ. ഡോ.സുകുമാർ അഴീക്കോടിനെ മാത്രം മനസിൽ പൂജിച്ചാണ് ടീച്ചർ ഇത്രകാലവും ജീവിച്ചത്. ഈ പ്രണയ ദിനത്തിലും ആയുർവേദ ആശുപത്രിയിലെ കിടക്കയിലിരുന്ന് ടീച്ചർ, മാഷ് നൽകിയ പ്രണയ ലേഖനങ്ങൾ വായിക്കുകയാണ്. 'നിബിഡാന്ധകാരത്തിൽ ഞാൻ ഗാഢ നിദ്രയ യിലാണ്ടിരിക്കവെ നീയെന്റെ അടുത്ത് വന്നാൽ എന്റെ സൂക്ഷ്മാണുക്കളിൽ ഏറ്റവും ചെറുതുപോലും നിന്നെ തിരിച്ചറിയും..." എന്നുതുടങ്ങുന്ന പ്രണയ ലേഖനമാണ് ടീച്ചർക്ക് ഏറെയിഷ്ടം.

1967 മാർച്ച് 3ന് ആയിരുന്നു അഴീക്കോടും വിലാസിനിയും ആദ്യമായി കണ്ടുമുട്ടിയത്. തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജിൽ ബി.എഡിന് പഠിക്കുകയായിരുന്നു വിലാസിനി. അവിടെ എക്സാമിനർ ഡ്യൂട്ടിക്കെത്തിയ അഴീക്കോട്, വിലാസിനിയുടെ ക്ളാസിലുമെത്തി. ക്ളാസ് മുറിയിൽ മൊട്ടിട്ട പ്രണയം കത്തുകളിലൂടെ ഇതളുകളായി വിരിഞ്ഞു. ഒന്നിച്ച് ജീവിക്കാമെന്ന തീരുമാനത്തോടെ 1968 ജനുവരി 18ന് മാഷ് അഞ്ചൽ കോമളത്തെ വിലാസിനിയുടെ വീട്ടിലെത്തി. എന്നാൽ, വീട്ടിൽ നിന്ന് പടിയിറങ്ങിയ അഴീക്കോട് പതിയെ വിലാസിനിയിൽ നിന്ന് അകലുകയായിരുന്നു. അവസാനം ലഭിച്ച കത്തിൽ മാഷ് ഇങ്ങനെ കുറിച്ചു -'വിവാഹ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പറ്റുകയില്ല'. ആ കത്ത് ലഭിച്ചത് 1968 ഫെബ്രുവരി 14നാണ്. അന്ന് വാലന്റൈൻ ദിനത്തിന് പ്രചാരമുണ്ടായിരുന്നില്ലെങ്കിലും കത്തിന്റെ മറുവശത്തെ തീയതിക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. അനുരാഗത്തിന്റെ പനിനീർപ്പൂക്കളുമായി 2011 ഡിസംബർ 18ന് വിലാസിനി മാഷിന്റെ അടുക്കലെത്തി. ആശുപത്രിക്കിടക്കയിലായ മാഷ് നിറപുഞ്ചിരിയോടെ ആ പൂക്കൾ ഏറ്റുവാങ്ങി. പ്രണയസാഫല്യത്തിന്റെ ആ നല്ല ദിനത്തിന്റെ ഓർമ്മയുടെ പിൻബലത്തിൽ ഇപ്പോഴും ടീച്ചർ പ്രണയിക്കുകയാണ്.