ആ പെൺകുട്ടിയെ വീഴ്ത്താൻ ഉണ്ടാക്കിയ കോഴിക്കറി... ഐ.പി.എസും ഐ.എ.എസും തമ്മിൽ പ്രണയിച്ച കഥ
തിരുവനന്തപുരം റേഞ്ച് അഡ്മിനിസ്ട്രേഷൻ ഐ.ജി പി. വിജയൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന ഐ.എ.എസിനെ കണ്ടുമുട്ടിയ ആ കഥ പറഞ്ഞു തുടങ്ങുന്നു. സിവിൽ സർവീസ് പഠനത്തിൽ ആദ്യ മൂന്ന് മാസം ഐ.എ.എസുകാർക്കും ഐ.പി.എസുകാർക്കും ഫൗണ്ടേഷൻ കോഴ്സുണ്ട്. രൺബീർ സഹായി എന്ന സുഹൃത്തുമൊത്ത് ഡെറാഡൂണിൽ നിന്ന് താമസസ്ഥലത്തേക്ക് പോകാൻ ടാക്സി സ്റ്റാൻഡിൽ നിൽക്കുകയാണ്.
അവിടെ വച്ച് കണ്ടപ്പോൾ ബീനയാണ് വിജയനല്ലേയെന്ന് ചോദിച്ച് സംസാരിച്ച് തുടങ്ങിയത്. അന്ന് ടാക്സി ഷെയർ ചെയ്ത് തുടങ്ങിയ യാത്ര ഇപ്പോൾ 20-ാം വർഷത്തിലേക്ക് കടന്നു. ഫൗണ്ടേഷൻ കോഴ്സിനിടെ ഞങ്ങൾക്ക് ഒരു വില്ലേജ് വിസിറ്റുണ്ടായിരുന്നു. ബീഹാറിലെ ചന്ദൻവെട്ടിയെന്ന ഗ്രാമമായിരുന്നു അത്. ഒരാഴ്ച ഗ്രാമവാസികൾക്കൊപ്പം കഴിയണം. രണ്ടാം ദിവസം കുക്ക് പണി പറ്റിച്ചു, വന്നില്ല.
ഞാനായിരുന്നു ടീം ലീഡർ. ഞാൻ കൂടെയുള്ള റാണാഭുമായി മാർക്കറ്റിൽ പോയി കോഴിയും ആട്ടമാവുമായി തിരിച്ചെത്തി. ഞാൻ കോഴിക്കറിയുണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. മലബാർ സ്പെഷ്യൽ കോഴിക്കറിയെന്ന് ഞാൻ പരിചയപ്പെടുത്തിയ കറി ബീനയ്ക്കും പെരുത്തിഷ്ടമായി. എന്നെ വീഴ്ത്താൻ ഉണ്ടാക്കിയ കോഴിക്കറിയെന്നാണ് ബീന അതേപ്പറ്റി ഇപ്പോഴും പറയാറ്. പിന്നീട് ഞങ്ങൾ വിവാഹത്തെപ്പറ്റി ആലോചിച്ചു. 2000 നവംബർ ആറിനു ഗുരുവായൂരിൽ ഞങ്ങൾ വിവാഹിതരായി.