വിമാനത്താവളത്തിൽ ബോംബ് ഒളിപ്പിച്ച യുവാവിന്റെ ബാങ്ക് ലോക്കർ തുറന്നപ്പോൾ കണ്ടത്

Friday 14 February 2020 3:45 PM IST

കാസർകോട്: മംഗളൂരു വിമാനത്താവളത്തിൽ ബാഗിനുള്ളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരമുണ്ടെന്ന സംശയത്തിൽ ആരംഭിച്ച അന്വേഷണം വഴിമുട്ടി. ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പൊടി സയനൈഡ് ആണെന്ന നിഗമനത്തിലാണ് പൊലീസ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. എന്നാൽ പരിശോധനാ റിപ്പോർട്ട് വൈകിയതോടെ അന്വേഷണം വഴിമുട്ടിയ സ്ഥിതിയിലായി.

ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറിൽ നിന്നാണ് പൊടി കണ്ടെത്തിയത്. കർണാടക ബാങ്കിന്റെ ഉടുപ്പി കഞ്ചിബെട്ടു ശാഖയിലെ ലോക്കറിൽ ആയിരുന്നു പൊതി. അവധി ദിവസമായിട്ടും ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ലോക്കർ തുറന്നു പൊലീസ് 150 ഗ്രാം സയനൈഡെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തിയത്. ആദിത്യ റാവുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാങ്ക് ലോക്കറിനെ കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ സ്ഫോടകവസ്തു വെച്ചത് ആസൂത്രിതമായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.