മലയാളസിനിമയെ ഈ നിലയ്‌ക്കാക്കിയത് ഫഹദ് ഫാസിൽ ആണ്: നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ
മലയാള സിനിമയിൽ ഇന്നത്തെ നിലയിൽ ചിലമാറ്റങ്ങൾ വന്നതിന് കാരണം നടൻ ഫഹദ് ഫാസിലാണെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റും പ്രമുഖ നിർമ്മാതാവുമായ കല്ലിയൂർ ശശിയാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുന്നത്. റിയലിസ്‌റ്റിക്കായി അഭിനയിക്കാനാണ് ഇപ്പോൾ പുതുതലമുറയിലെ നടന്മാർ ശ്രമിക്കുന്നതെന്നും, ഇതിന് തുടക്കം കുറിച്ചത് ഫഹദ് ഫാസിലാണെന്നും കല്ലിയൂർ ശശി വ്യക്തമാക്കുന്നു.
'അതിഭാവുകത്വം ഇല്ലാതെ കഥാപാത്രങ്ങൾ ചെയ്യുന്നവർ തന്നെയാണ് ഇപ്പോൾ കൂടുതൽ. അത് നല്ലൊരു സൈൻ ആണ്. പുതിയ തലമുറയിൽ ഫഹദ് ഫാസിലാണ് അതിന് തുടക്കമിട്ടത്. ഇടക്കാലത്ത് വിട്ടുനിന്നിട്ട് തിരിച്ചുവന്ന് ചെയ്‌ത സിനിമകൾ എല്ലാം മികച്ചതായിരുന്നു. നല്ല കാലിബർ ഉള്ള നടനാണ് ഫഹദ്. ന്യൂജനറേഷൻ നടന്മാരിൽ ആർട്ടിസ്‌റ്റ് എന്ന് ഉറക്കെ പറയാൻ കഴിയുന്ന ഒരാളേയുള്ളൂ, അത് ഫഹദ് ഫാസിലാണ് . യഥാർത്ഥ ആർട്ടിസ്‌റ്റാണ് അദ്ദേഹം. ഇടക്കാലത്ത് വന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ഫഹദ് ഫാസിലല്ലാതെ മറ്റൊരു അറിയപ്പെടുന്ന ഹീറോയും അഭിനയിക്കാൻ തയ്യാറാവില്ല. അവരെല്ലാം സ്വന്തം ഇമെജേ നോക്കത്തുള്ളൂ. ഫഹദ് അവിടെ നോക്കിയത് തന്റെ കഥാപാത്രമായിരുന്നു. ചുരുക്കം ചിലർക്കെ അതിന് കഴിയൂ'- ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കല്ലിയൂർ ശശിയുടെ പ്രതികരണം.