നാഷണൽ ഹൈവേയിൽ ചരക്ക് ലോറിയിൽ നിന്നും അറുപത് കിലോ കഞ്ചാവ് പിടികൂടി

Friday 14 February 2020 5:10 PM IST

നാഷണൽ ഹൈവേയിൽ ചരക്ക് ലോറിയിൽ നിന്നും അറുപത് കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്റലിജൻസ് പാലക്കാട് തൃശൂർ അതിർത്തിയിൽ സ്പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കർശന വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവ് വേട്ട. ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ്. മനോജ് കുമാറും പാർട്ടി യും ചരക്കു വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തുമ്പോൾ ടി.എൻ.38 ബി.എച്ച്.9509 ചരക്കു ലോറി കൈ കാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. വാഹനത്തെ പിന്തുടർന്ന് വാണിയംപാറ യിൽ വെച്ച് പിടികൂടുകയായിരുന്നു.

മുമ്പ് കേസിൽ ഉൾപ്പെട്ട ഒരു പ്രതിയെ വാഹനത്തിൽ കണ്ട് സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയത്. വാഹനത്തിൽ കഞ്ചാവിന്റെ മണം അനുഭവപ്പെട്ടപ്പോൾ വാഹനം അഴിച്ചു പരിശോധിച്ചു. ഇരുപത്തി ഒമ്പത് ബാഗ് കഞ്ചാവ് ലോറിയുടെ ക്യാബിനിൽ നിന്നും കണ്ടെത്തി. പ്രതികൾ ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് മണ്ണുത്തി എത്തിയാൽ ഈ വാഹനത്തിന് മുൻപിൽ പൈലറ്റ് വണ്ടി എത്തുമെന്നും അവർ ഇറക്കേണ്ട സ്ഥലം കാണിച്ചു കൊടുക്കുമെന്നുമായിരുന്നു നിർദേശം. ആന്ധ്ര, ഒഡീഷ, തമിഴ് നാട്, എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ കഞ്ചാവ് എത്തിച്ചു വിദ്യാർത്ഥികളും, മറ്റു ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കളും, സാമൂഹ്യ വിരുദ്ധരും ചേർന്ന് വിൽക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഇന്റലിജൻസ് 375 കിലോ കഞ്ചാവ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയിരുന്നു. ഡിസംബറിൽ 23 കിലോയും പിടികൂടി. ആന്ധ്രയിൽ നിന്നും 50, 100, 200 കിലോ കഞ്ചാവ് ബാഗുകളായി ലോഡുകൾ എല്ലാ ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ട്രെയിൻ വഴിയും മറ്റു വാഹനങ്ങളിലൂടെയും എത്തി കൊണ്ടിരിക്കുന്ന യുവാക്കളായ ചരക്കു ലോറി ഡ്രൈവർമാർ ഈ സംഘത്തിൽ പ്രവർത്തിക്കുന്നതായും പ്രതികളിൽ നിന്നും മനസ്സിലായിട്ടുണ്ട്. കൂട്ടുപ്രതികളെ പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ഇന്റലിജൻസ് ടീമംഗങ്ങളായ കെ. മണികണ്‌ഠൻ, സതീഷ്. ഒ. എസ്, ഷിബു. കെ .എസ്, മോഹനൻ. ടി. ജി, ഷെഫീക്. ടി. എ എന്നിവർ സംഘത്തിലുണ്ടായിരുന്നു.