നൂറ്റാണ്ടിലെ ചാരപ്പണി
അരനൂറ്റാണ്ടിലധികമായി ലോകത്തുള്ള ഭൂരിപക്ഷം രാജ്യങ്ങളും ഒരൊറ്റ കമ്പനിയിൽ നിന്നാണ് രഹസ്യസന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന യന്ത്രം വാങ്ങിയിരുന്നത്. സ്വിറ്റ്‌സർലന്റിലെ ക്രിപ്‌റ്റോ എ.ജി എന്ന കമ്പനിയിൽ നിന്ന്. ഏതാണ്ട് 126 ഓളം രാജ്യങ്ങൾ ഈ കമ്പനിയുടെ ഇടപാടുകാരായിരുന്നു. ചാരന്മാർ, പട്ടാളക്കാർ, നയതന്ത്രജ്ഞർ തുടങ്ങിയവരാണ് പ്രധാനമായും ഈ യന്ത്രങ്ങളിലൂടെ രഹസ്യ സന്ദേശങ്ങൾ അയച്ചിരുന്നത്. ആദ്യം ഒരു സ്വകാര്യ വ്യക്തിയായ ബോറിസ് ഹെഗിലിന്റെ കമ്പനിയായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഈ കമ്പനി അമേരിക്കൻ ചാരസംഘടനയായ സി. ഐ. എയുമായി രഹസ്യ കരാറിൽ ഏർപ്പെട്ടു. 1970 കളിൽ പശ്ചിമ ജർമ്മനിയിലെ ഇന്റലിജൻസ് സംഘടനയുമായി ചേർന്ന് ഈ കമ്പനിയുടെ ഉടമസ്ഥാവകാശം സി.ഐ.എ കരസ്ഥമാക്കി എന്ന സ്റ്റോറിയാണ് വാഷിംഗ്‌ടൺ പോസ്റ്റ് കഴിഞ്ഞ ആഴ്ച 'ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇന്റലിജൻസ് അട്ടിമറി" എന്ന പേരിൽ പുറത്തുവിട്ടത്. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ സൈനിക, നയതന്ത്ര, ഇന്റലിജൻസ് രഹസ്യങ്ങൾ സി.ഐ.എ പതിറ്റാണ്ടുകളോളം ചോർത്തി എന്ന വാർത്ത ഇന്ത്യൻ പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എതിരാളികളുടെ മാത്രമല്ല സഖ്യകക്ഷികളുടെ രഹസ്യങ്ങളും അമേരിക്ക ചോർത്തിയിരുന്നു.
എങ്ങനെ ചോർത്തി?
സ്വിറ്റ്‌സർലന്റിലെ എ.ജി കമ്പനിയിൽ ജോലി ചെയ്യുന്നവരിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് കമ്പനിയുടെ മുതലാളി സി.ഐ.എ ആണെന്ന് അറിയാമായിരുന്നത്. യന്ത്രത്തിൽ ഉപയോഗിക്കുന്ന ക്രിപ്‌റ്റോഗ്രഫിക്ക് അടിസ്ഥാനമായ അൽഗൊരിതം നൽകുന്നത് സി.ഐ.എ ആയിരുന്നു. യന്ത്രത്തിൽ നിന്ന് പോകുന്ന സന്ദേശങ്ങൾ റേഡിയോ തരംഗം വഴി പിടിച്ചെടുത്താൽ ഈ അൽഗൊരിതം ഉപയോഗിച്ച് സന്ദേശം ഡീ ക്രിപ്റ്റ് ചെയ്ത് അമേരിക്കയ്ക്ക് എളുപ്പം മനസിലാക്കാം. ഇതാണ് അവർ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത്.
കഥ മാറി, കളി മാറി
2018-ൽ ക്രിപ്റ്റോ എ.ജി കമ്പനി അടച്ചുപൂട്ടി. യന്ത്രങ്ങൾ വാങ്ങാൻ ആരും ഇല്ലാതായതാണ് കാരണം. മൊബൈൽ യുഗം വന്നപ്പോൾ ചാരപ്പണിയും അതിലേക്ക് മാറി. ഇതിനായി പ്രത്യേക ആപ്പുകളും നിലവിൽ വന്നു. ഇപ്പോൾ എല്ലാവരും ഇതാണ് ഉപയോഗിക്കുന്നത്. ടൈപ്പ് റൈറ്റർ പോലെ ക്രിപ്‌റ്റോഗ്രഫി യന്ത്രങ്ങൾ കാലഹരണപ്പെട്ടതായി മാറി.
ചൈനയും റഷ്യയും
ചൈനയും റഷ്യയും ക്രിപ്റ്റോ എ.ജി കമ്പനിയിൽ നിന്നുള്ള യന്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ല. അതിനാൽ ആ രാജ്യങ്ങളുടെ രഹസ്യങ്ങൾ ഈ വഴി അറിയാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ യന്ത്രങ്ങൾ വാങ്ങിയ രാജ്യങ്ങൾ ചൈനയിലേക്കും റഷ്യയിലേക്കും അയയ്ക്കുന്ന സന്ദേശങ്ങൾ സി.ഐ.എ പിടിച്ചെടുത്ത് മനസിലാക്കിയിട്ടുണ്ട്.
അമേരിക്കയിൽ നിന്ന് റഷ്യയിൽ അഭയം തേടിയിരിക്കുന്ന എഡ്വേർഡ് സ്‌നോഡനാണ് ക്രിപ്റ്റോഗ്രഫി യന്ത്രങ്ങൾ വഴി സി.ഐ.എ രഹസ്യങ്ങൾ ചോർത്തിയതായി 2013ൽ പുറത്തുവിട്ടത്. എന്നാൽ കമ്പനി തന്നെ സി.ഐ.എയുടേതായിരുന്നെന്ന സ്റ്റോറി ഇതാദ്യമായാണ് പുറത്തുവരുന്നത്.
എന്തെല്ലാം ചോർത്തി?
ചോർത്തിയ വിവരങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ഫോക്ക്ലന്റ് യുദ്ധം നടന്നപ്പോൾ അർജന്റീനിയൻ സൈന്യത്തിന്റെ രഹസ്യ നീക്കങ്ങൾ ചോർത്തി അമേരിക്ക ബ്രിട്ടന് കൈമാറിയിരുന്നു. ഇറാനിലെ യു.എസ് എംബസിയിൽ ഇരച്ചുകയറിയ വിദ്യാർത്ഥികൾ 66 പേരെ തടവിലാക്കിയ പ്രതിസന്ധി ഉണ്ടായ 1979-ൽ ഇറാനിലെ മുള്ളാമാർ നടത്തിയ ആശയവിനിമയം പിടിച്ചെടുത്തിരുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തും അന്നത്തെ യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടറും തമ്മിൽ 1978ൽ ക്യാമ്പ് ഡേവിഡിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ സാദത്തിന്റെ ഉദ്യോഗസ്ഥർ സ്വന്തം രാജ്യത്തേക്ക് അയച്ച സന്ദേശങ്ങൾ സി.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെയും മറ്റും എന്തൊക്കെ വിവരങ്ങൾ ചോർത്തി എന്നത് ഇനിയും പുറത്തുവന്നിട്ടില്ല.
ക്രിപ്‌റ്റോ എ.ജി കമ്പനിയും സി.ഐ.എയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്ന സ്ഥിതിക്ക് സ്വിറ്റ്‌സർലൻഡ് ഗവൺമെന്റ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
എന്താണ് ക്രിപ്റ്റോഗ്രഫി?
സന്ദേശങ്ങളുടെ ഉള്ളടക്കം അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും മാത്രം മനസിലാകുന്ന തരത്തിൽ കോഡുഭാഷ ഉപയോഗിക്കുന്ന രീതിയാണ് ക്രിപ്‌റ്റോഗ്രഫി. ക്രിപ്‌റ്റ് എന്നാൽ ഒളിഞ്ഞിരിക്കുന്നത് എന്നർത്ഥം. ഗ്രഫി എന്നാൽ എഴുത്ത് എന്നും.
എന്താണ് അൽഗോരിതം
ഇതൊരു ഗണന രീതിയാണ്. ഡേറ്റ തരം തിരിക്കുന്നതിനും നിർമ്മിത ബുദ്ധിക്കും ഇത് കമ്പ്യൂട്ടർ ഉപയോഗിക്കുന്നു. ലളിതമായി പറഞ്ഞാൽ ഒരു അനുമാനത്തിലെത്താൻ അഥവാ ഒരു ഫലം ലഭിക്കാൻ എന്തു ചെയ്യണം എന്ന് ഘട്ടം ഘട്ടമായി പ്രതിപാദിക്കുന്ന രീതി. നാരങ്ങ അച്ചാർ ഉണ്ടാക്കാൻ വേണ്ട ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ അഥവാ റസിപ്പിയെ അൽഗോരിതത്തിനോട് ഉപമിക്കാം.ഇൗ ഘട്ടങ്ങൾ യോജിപ്പിച്ചാൽ അച്ചാർ ഉണ്ടാക്കാം. ഘട്ടങ്ങൾ വേർതിച്ചെടുത്താൽ അച്ചാർ ഉണ്ടാക്കാനുള്ള രീതി മനസിലാക്കാം. ഒരു പ്രശ്നം പരിഹരിക്കാൻ കമ്പ്യൂട്ടറിന്റെ ബുദ്ധിയായി നിലകൊള്ളുന്നത് അൽഗോരിതമാണ്.
ക്രിപ്റ്റോഗ്രഫിയും
അൽഗൊരിതവും
ഒരുപോലെയല്ലാത്ത രണ്ട് വശങ്ങൾ ഒരേ സമയം ഉപയോഗിച്ചാണ് ക്രിപ്‌റ്റോഗ്രഫിയും അൽഗൊരിതവും പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് അൽഗൊരിതം ഒരു പൊതു താക്കോലും ഒരു സ്വകാര്യ താക്കോലും ഒരാൾക്ക് ഒരേ സമയം പ്രദാനം ചെയ്യും. പൊതു താക്കോൽ ഉപയോഗിച്ച് ഇടപാടുകാരൻ സെർവറിൽ ഒരു ഡേറ്റ തിരയുന്നു. ഇടപാടുകാരന്റെ പൊതു താക്കോൽ ഉപയോഗിച്ച് ഡേറ്റ തരം തിരിച്ച് കോഡുഭാഷയിൽ ഫലം അയച്ചുകൊടുക്കുന്നു. സ്വകാര്യ താക്കോൽ ഉപയോഗിച്ച് ആ സന്ദേശം ഡീ ക്രിപ്റ്റ് ചെയ്ത് ഇടപാടുകാരൻ മനസിലാക്കുന്നു. ചാരപ്രവൃത്തിക്കും രഹസ്യ സന്ദേശങ്ങൾ കൈമാറുന്നതിനും ഇത് ഉപയോഗിക്കുന്നു.
ബോറിസ് ഹെഗിലിൻ
''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും 'മഹാനായ" ചാരൻ ഞാനാണ്" - ബോറസ് ഹെഗിലിൻ ഭാര്യാസഹോദരനോട് ഒരു രഹസ്യ സംഭാഷണത്തിൽ ഒരിക്കൽ വെളിപ്പെടുത്തിയ വാചകമാണിത്." വെറുതെ വാചകമടിയല്ലിത്. സത്യമാണ്. സ്വിറ്റ്‌സർലൻഡിലെ ക്രിപ്‌റ്റോ എ.ജി കമ്പനി സ്ഥാപിച്ചത് ബോറിസ് ഹെഗിലിനാണ്. ആ കമ്പനിയാണ് ലോകം മുഴുവൻ ക്രിപ്‌റ്റോ യന്ത്രങ്ങൾ വിറ്റിരുന്നത്. അതിലൂടെയാണ് സി.ഐ.എ രഹസ്യങ്ങൾ ചോർത്തിയത്. റഷ്യയിലാണ് ബോറിസിന്റെ ജനനം. എൻജിനിയറാണ്. സ്വീഡനിലാണ് ബിസിനസ് തുടങ്ങിയത്. ക്രിപ്‌റ്റോഗ്രഫിക്ക് ഉപയോഗിക്കാവുന്ന, കൈയിൽ കൊണ്ട് നടക്കാവുന്ന യന്ത്രം വികസിപ്പിച്ചത് ബോറിസാണ്. ബോൾഷെവിക്കുകൾ റഷ്യയിൽ അധികാരം പിടിച്ചപ്പോൾ ബോറിസ് നോർവേയിലേക്ക് കടന്നു. നാസികൾ നോർവേ പിടിച്ചപ്പോൾ 1940-കളിൽ അമേരിക്കയിൽ എത്തി. പിന്നീട് സ്വിറ്റ്‌സർലൻഡിൽ ക്രിപ്‌റ്റോ എ.ജി കമ്പനി തുടങ്ങി. രാജ്യങ്ങൾക്കും കമ്പനികൾക്കുമായി ആയിരക്കണക്കിന് യന്ത്രങ്ങൾ വിറ്റു. ബോറിസ് കോടീശ്വരനായി മാറി.