ഡൽഹിയിലെ പരാജയത്തിന് പിന്നിൽ ഒരേയൊരു കാരണക്കാർ;​ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ബി.ജെ.പി

Saturday 15 February 2020 9:15 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. ആം ആദ്മി പാർട്ടി 62 സീറ്റുകൾ നേടിയപ്പോൾ 8 സീറ്റുകളായി ബി.ജെ.പി ഒതുങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ ന്യൂനപക്ഷ വോട്ടുകൾ ആം ആദ്മി പാർട്ടിക്ക് വോട്ടായി മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന്റെ പ്രധാന കാരണം കണ്ടെത്തി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്.

കോൺഗ്രസും തങ്ങളുടെ താരപ്രചാരകരുമാണ് ബി.ജെ.പിയെ തോൽപ്പിച്ചതെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കോൺഗ്രസ് വിജയത്തിന് വേണ്ടിയല്ല ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് ശ്രമിച്ചതെന്നും നേതാക്കൾ വ്യക്തമാക്കുന്നു. അവർ പ്രചരണം മന്ദഗതിയിലാക്കുക മാത്രമല്ല ചെയ്തത് ബി.ജെ.പി സ്ഥാനാർത്ഥികള്‍ക്ക് വോട്ട് ലഭിക്കില്ലെന്ന് ഉറപ്പു വരുത്താൻ മൊത്തം സംവിധാനത്തെ ഉപയോഗിക്കുക ചെയ്തെന്നും ഒരു നേതാവ് പറഞ്ഞെന്നും ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തതെന്നും പറയുന്നു. പോളിംഗ് ബൂത്തിലെ കൗണ്ടറുകളിൽ കോൺഗ്രസ് വോട്ടിംഗ് സ്ലിപ്പുകൾ വിതരണം ചെയ്തിരുന്നു. അവർ വിതരണം ചെയ്തത് ആം ആദ്മി പാർട്ടിയുടെ സ്ലിപ്പുകൾ ആയിരുന്നു, കോൺഗ്രസിന്റേതല്ല. വലിയ തോതിൽ നേതാക്കളെയും താരപ്രചാരകരെയും ഡൽഹിയിൽ എത്തിച്ചതും തോൽവിയുടെ കാരണമായെന്നും നേതൃത്വം വിലയിരുത്തി.

അതേസമയം പാർട്ടി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വെർമ എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ആരും പരാമർശിച്ചില്ല. മാതമല്ല സീറ്റ് വിതരണവും വിഭാഗീയതയും പരാജയ കാരണങ്ങളായി മാറിയെന്നും ബി.ജെ.പി വിലയിരുത്തി. ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ അരുണ്‍ സിങ്, അനിൽ ജെയിൻ, ദേശീയ ജോയിന്റ് സെക്രട്ടറി വി. സതീഷ്, ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി, ജില്ലാ അദ്ധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുത്തു.