2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് 'മറ്റൊരു 'പുൽവാമ' ആക്രമണം കൂടി '; കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു
ന്യൂഡൽഹി : കഴിഞ്ഞ ദിവസമായിരുന്നു പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷികം രാജ്യം ആചരിച്ചത്. ഇതിനിടെ 2024ൽ പുൽവാമ പോലെ മറ്റൊരു സംഭവം കൂടി ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് രംഗത്ത് വന്നത് വിവാദത്തിലായി. 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പുൽവാമ പോലെ പോലെ മറ്റൊരു സംഭവം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിക്കാനായി പുൽവാമ ഭീകരാക്രമണം നരേന്ദ്ര മോദി സർക്കാർ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണം കൊണ്ട് ഏറ്റവുമധികം ഗുണമുണ്ടായത് ആർക്കാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ അന്വേഷണം എവിടെവരെയായി, ആരാണ് ഉത്തരവാദികൾ എന്നും രാഹുൽ ചോദിച്ചിരുന്നു.
രാഹുലിന്റെ ചോദ്യങ്ങളെ പിന്തുണച്ചാണ് ഉദിത് രാജും രംഗത്തെത്തിയിരിക്കുന്നത്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി പുൽവാമ ഭീകരാക്രമണം നടന്നത്. കാശ്‌മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. പുൽനാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങൾ മിന്നലാക്രമണത്തിലൂടെ തകർത്തിരുന്നു.