പതിനൊന്നിലെ വ്യാഴം
മറ്റെല്ലാം നഷ്ടപ്പെട്ടതിലും നാരായണന് വലിയ ദുഃഖമില്ല. കാരണം ദുഃഖത്തിന്റെ അച്ചുതണ്ടിലാണ് ജീവിതവും ഈ ഭൂഗോളവും തിരിയുന്നതെന്ന് നന്നായിട്ടറിയാം. പക്ഷേ ആ മൂന്ന് നിഘണ്ടുക്കൾ മകൻ എടുത്തുകൊണ്ടുപോയതിലാണ് സമാധാനിക്കാൻ പറ്റുന്നത്.എൽ.പി സ്കൂളിൽ പ്രസംഗമത്സരങ്ങളിൽ വിജയിച്ചപ്പോൾ കിട്ടിയ വിലപ്പെട്ട ഉപഹാരങ്ങളാണവ. മലയാളം നിഘണ്ടു, ഇംഗ്ളീഷ് - മലയാളം, ഹിന്ദി - ഇംഗ്ളീഷ്- മലയാളം എന്നിവയാണ് അലമാരയിൽ നിന്ന് മകൻ കൊണ്ടുപോയത്.
തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഉറ്റ സുഹൃത്തുക്കളുമായി സംസാരിച്ച് നാരായണൻ പൊട്ടിച്ചിരിക്കാറുണ്ട്. അച്ഛൻ ഒരു സാധുകർഷകനായിരുന്നു. രണ്ടാമത്തെ മകനായി നാരായണൻ ജനിക്കുമ്പോൾ ഒരു കണിയാൻ പറഞ്ഞത്രേ: വിശിഷ്ടജാതകമാണ്. പതിനൊന്നാം വ്യാഴം വലിയ ഉയർച്ചകളുണ്ടാക്കും. ഒരുഓലക്കെട്ടിടവും മുപ്പത് സെന്റ് സ്ഥലവും. അതിൽ ഇരുപത് സെന്റ് സഹോദരിക്ക് ഇഷ്ടദാനം നൽകി. ശേഷിച്ചതായിരുന്നു നാരായണന്റെ സാമ്രാജ്യം. അച്ഛന്റെ ഗ്രഹനിലയിൽ എന്നും മാറിമാറി കഷ്ടനഷ്ടങ്ങളുണ്ടായിരുന്നു. നാരായണന്റെ പതിനൊന്നാം വ്യാഴം സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്ന് ഇടയ്ക്കിടെ പ്രതീക്ഷയോടെ പറയുമായിരുന്നു. അതുകാണാനുള്ള അവസരമുണ്ടായില്ല. അതിനുമുമ്പേ ഈ ലോകം തന്നെ വിട്ടുപോയി. അതോർക്കുമ്പോൾ നാരായണന് ആശ്വാസം തോന്നും. കാരണം കൂടുതൽ കാലം ജീവിച്ചിരുന്നെങ്കിൽ തന്റെ തീരാദുരിതം കൂടി കാണേണ്ടിവരുമായിരുന്നു.
ജീവിക്കാൻ വേണ്ടി നാരായണൻ പല സംരംഭങ്ങളും തുടങ്ങി. ഒന്നും പച്ചപിടിച്ചില്ല. കല്യാണം കഴിച്ചെങ്കിലും അഞ്ചുവർഷത്തെ ദാമ്പത്യം. മകൻ ജനിച്ചപ്പോൾ നാരായണൻ ആശ്വസിച്ചു. ഒരുപക്ഷേ തനിക്ക് കിട്ടാതെ പോയ പതിനൊന്നാം വ്യാഴം ഇനി മകനിലൂടെ കടാക്ഷിക്കുമോ? അതുമുണ്ടായില്ല. മകൻ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ അതിലൂടെയെങ്കിലും നല്ലകാലം വരുമെന്ന് പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. മകനും മരുമകളും ആദ്യമൊക്കെ കാട്ടിയ അമിതസ്നേഹത്തിൽ നാരായണൻ മറ്റെല്ലാം മറന്നു. മരുമകൾ ആധാരത്തിൽ ഒപ്പിടാൻ അപേക്ഷിച്ചപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല.
ഒരു വായ്പയെടുക്കാനെന്നായിരുന്നു മകന്റെ വ്യാഖ്യാനം. മൂന്നുവർഷം കഴിഞ്ഞപ്പോഴാണ് തന്റെ പേരിൽ സ്വന്തമായി ഒന്നുമില്ലെന്ന സത്യം തിരിച്ചറിയുന്നത്. അതു ചോദ്യം ചെയ്തപ്പോൾ മകനും കുടുംബവും വീട്ടുസാധനങ്ങളെല്ലാം വാരിക്കൂട്ടി സ്ഥലം വിട്ടു. തന്റെ പഴയ പുസ്തകങ്ങളും ടിവിയും എല്ലാം നഷ്ടമായി. പ്രസംഗമത്സരത്തിന് കിട്ടിയ മൂന്നു നിഘണ്ടുക്കളും നഷ്ടമായതിലാണ് ഏറെ ദുഃഖം. അതോർക്കുമ്പോൾ അറിയാതെ വിതുമ്പിപ്പോകും. ഇപ്പോൾ പഴയ വീട്ടിലൊറ്റയ്ക്കാണ്. കൂട്ടിന് ഭാര്യയുടെ ഓർമ്മകളും. ആരെയും അന്ധമായി വിശ്വസിക്കരുത്, സ്വന്തം രക്തത്തെപ്പോലും. രേഖകൾ കൈയിലില്ലെങ്കിൽ രക്തബന്ധങ്ങളും വെറും ജലരേഖകൾ മാത്രമെന്ന് നാരായണൻ പലരേയും ഓർമ്മപ്പെടുത്താറുണ്ട്. ഇപ്പോൾ ഒരു പ്രാർത്ഥനയേയുള്ളൂ. മകനെടുത്തുകൊണ്ടുപോയ നിഘണ്ടുക്കൾ എപ്പോഴെങ്കിലും മറിച്ചുനോക്കുമ്പോൾ സ്നേഹത്തിന്റെയും അച്ഛന്റെയും അർത്ഥം പിടികിട്ടണേ എന്ന്. (ഫോൺ : 9946108220)