വ്യോമസേനയുടെ എയർസ്ട്രിപ്പിൽ ദുരൂഹമായി ജീപ്പും ഒരു മനുഷ്യനും: കുതിച്ചുപൊങ്ങിയ എയർ ഇന്ത്യ വിമാനം നിലത്തിടിച്ചു, ഒഴിവായത് വൻ ദുരന്തം
മുംബയ്: അപ്രതീക്ഷിതമായി വിമാനത്താവളത്തിലെ റൺവേയിലേക്ക് കടന്നുകയറി വന്ന ജീപ്പ് കാരണം വിമാനത്തിന് കേടുപാട് പറ്റി. ശനിയാഴ്ച രാവിലെ പൂനെ വിമാനത്താവളത്തിലെ വ്യോമസേനയുടെ കൂടെ നിയന്ത്രണത്തിലുള്ള എയർസ്ട്രിപ്പിലാണ് സംഭവം നടന്നത്. പൂനെയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യയുടെ എയർബസ് എ 321 വിമാനമാണ് കേടുപാടുകളോടെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
റൺവേയിലൂടെ 222 കിലോമീറ്റർ വേഗതയിൽ പാഞ്ഞുകൊണ്ട് വിമാനം പറന്നുയരാൻ തുടങ്ങുമ്പോഴാണ് കുറച്ച് മുൻപിലായി ഒരു ജീപ്പും അതിനൊപ്പം ഒരു മനുഷ്യനും നിൽക്കുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ജീപ്പുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ വേണ്ടി വിമാനം റൺവേയുടെ അറ്റത്ത് എത്തുംമുൻപ് തന്നെ വിമാനം ടേക്ക് ഓഫ് ചെയ്യിക്കുകയായിരുന്നു പൈലറ്റുമാർ.
ഇങ്ങനെ ചെയ്തതോടെ വിമാനത്തിന്റെ വാൽ ഭാഗം നിലത്ത് ഉരയുകയും വിമാനത്തിന് കേടുപാടുകൾ പറ്റുകയുമായിരുന്നു. 180 യാത്രക്കാരും ജീവനക്കാരുമായിരുന്നു വിമാനത്തിൽ ആ സമയം ഉണ്ടായിരുന്നത്. സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ച ശേഷം അറ്റകുറ്റ പണികൾക്കായും പരിശോധനയ്ക്കായും വിമാനം മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വ്യോമസേനാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോക്പിറ്റ് റെക്കോർഡറും എയർ ട്രാഫിക് കൺട്രോളിലെ രേഖകളും ഇപ്പോൾ പരിശോധിച്ച് വരികയാണ്.