അദ്ദേഹത്തിന്റെ മകളെ കാണുമ്പോൾ എനിക്ക് ശ്വാസം മുട്ടും: റഹ്മാന്റെ മകളെ കുറിച്ച് തസ്ലീമ നസ്രിൻ, തക്ക മറുപടി നൽകി ഖദീജ
ചെന്നൈ: ട്വിറ്ററിലൂടെ സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ മകൾ ഖദീജ റഹമാനെ കുറിച്ച് പരാമർശം നടത്തി എഴുത്തുകാരിയും സ്ത്രീപക്ഷവാദിയുമായ തസ്ലീമ നസ്രിൻ. ബുർഖ ധരിച്ച റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് ശ്വാസം മുട്ടലുണ്ടാകുന്നു എന്നാണ് തസ്ലീമ നസ്രിൻ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.
തനിക്ക് എ.ആർ റഹ്‌മാന്റെ സംഗീതം വളരെ ഇഷ്ടമാണ്, എന്നാൽ സംസ്കാരമുള്ള കുടുംബത്തിൽ നിന്നും വരുന്ന വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ പോലും അനായാസമായി മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയയാക്കപ്പെടാം താൻ മനസിലാക്കുന്നു. തസ്ലീമ അഭിപ്രായപ്പെടുന്നു. ഖദീജയുടെ ബുർഖ ധരിച്ച ചിത്രം കൂടി തസ്ലീമ തന്റെ ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്.
സംഗതി വൈറലായതോടെ തസ്ലീമയുടെ അഭിപ്രായത്തിന് മറുപടിയുമായി ഖദീജ തന്നെ രംഗത്തെത്തി. രാജ്യം പലതരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ചിലർ മറ്റുള്ളവരുടെ വസ്ത്രത്തിന്റെ കാര്യമാണ് ചിന്തിക്കുന്നതെന്ന് ഖദീജ തിരിച്ചടിച്ചു. താൻ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുർഖ ധരിക്കുന്നതെന്നും ഇത്തരം പ്രസ്താവനകൾ കേൾക്കുമ്പോൾ തന്റെ ഉള്ളിലെ തീ ആളിക്കത്താറുണ്ടെന്നും ഖദീജ പറയുന്നു.
ഇൻസ്റ്റാഗ്രാമിലൂടെയാണ് റഹ്‌മാന്റെ മകൾ ഈ പ്രതികരണം നടത്തിയത്. തന്റെ വേഷം കാരണം തസ്ലീമയ്ക്ക് ശ്വാസം മുട്ടുന്നുവെങ്കിൽ അൽപ്പം ശുദ്ധവായു ശ്വസിക്കണമെന്നും ഖദീജ പരിഹസിച്ചു. ഫെമിനിസം എന്നാൽ മറ്റ് സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്നതോ ഓരോ വിഷയങ്ങളിലേക്ക് അവരുടെ അച്ചന്മാരെ വലിച്ചിഴയ്ക്കുന്നതോ അല്ല. എന്റെ ചിത്രം ഞാൻ നിങ്ങൾക്ക് അയച്ചുതന്നതായി ഓർക്കുന്നില്ല. തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഖദീജ പറഞ്ഞു നിർത്തി.