ഗാന്ധിയുടെ മൃതദേഹം എന്തുകൊണ്ട് പോസ്റ്റുമോർട്ടം ചെയ്തില്ലാ?​,​ ദൃക്സാക്ഷികളായ അവരെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?​ ചോദ്യങ്ങൾ ഉയർത്തി സുബ്രഹ്മണ്യൻ സ്വാമി

Sunday 16 February 2020 9:38 PM IST

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ വധത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് എം.പി സുബ്രഹ്മണ്യൻ സ്വാമി. അതേസമയം രാഷ്ട്ര പിതാവിനെ വെടിവച്ചത് നാഥുറാം ഗോഡ്സെയാണെന്ന് പൂർണ്ണമായി സ്ഥാപിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. പുതിയ ചോദ്യങ്ങൾ ഉയർത്തിയാണ് സ്വാമി വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

‘ഒന്നാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ഗാന്ധിജിയുടെ മൃതദേഹം പോസ്റ്റ്‌മോട്ടത്തിനോ രാസപരിശോധനകൾക്കോ വിധേയമാക്കാതിരുന്നത്? രണ്ടാമത്തേത്: കൊലപാതകത്തിലെ സാക്ഷികളായിരുന്ന മനുവിനെയും അബ്ബയെയും എന്തുകൊണ്ടാണ് കോടതിയിൽ വിസ്തരിക്കാതിരുന്നത്? മൂന്ന്: ഗോഡ്‌സെയുടെ തോക്കില്‍ എത്ര വെടിയുണ്ടകള്‍ ബാക്കിയുണ്ടായിരുന്നു. ആ ഇറ്റാലിയന്‍ റിവോൾവർ കണ്ടെത്താനായിട്ടില്ലത്രേ! എന്തുകൊണ്ട്? ഞങ്ങള്‍ക്ക് ഈ കേസ് പുനരന്വേഷിക്കണം’, സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

സുബ്രഹ്മണ്യൻ സ്വാമി ആദ്യമായല്ല വിവാദ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. ലക്ഷ്മി ദേവിയുടെ ചിത്രം ഇന്ത്യയുടെ നോട്ടിൽ ഉൾപ്പെടുത്തിയാൽ രൂപയുടെ വില മാറിയേക്കുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഇന്തോനേഷ്യയിലെ കറൻസി നോട്ടുകളിൽ ഗണേശ ഭഗവാന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്ഥിതിയുടെ കാരണങ്ങൾ നിരത്തിയാണ് ഇന്ന് അദ്ദേഹം രംഗത്തെത്തിയത്.