അദ്ദേഹം പറഞ്ഞതുകേട്ട് എന്റെ കണ്ണ് തള്ളി, ഇതെങ്ങനെ ഞാൻ സിനിമയാക്കും? 'എൽ 2'വിനെക്കുറിച്ച് ശക്തമായ സൂചന നൽകി പൃഥ്വിരാജ്
പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം വരാൻ പോകുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ഒടുവിൽ അടുത്തെങ്ങും ചിത്രത്തിന്റെ നിർമാണം അണിയറ പ്രവർത്തകർ ആരംഭിക്കില്ല എന്ന വാർത്ത പോലും പുറത്ത് വന്നിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം അധികം വൈകാതെ തന്നെ ആരംഭിക്കുമെന്ന ശക്തമായ സൂചന നൽകികൊണ്ട് സംവിധായകനും നടനുമായ പൃഥ്വിരാജ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
'ലൂസിഫറി'ന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുമായി നിൽക്കുന്ന ഒരു ചിത്രവും അതിനൊപ്പം ഒരു കുറിപ്പുമാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ചിരിക്കുന്നത്. മുരളി ഗോപി തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും അതെങ്ങനെ സിനിമയാക്കുമെന്ന് ആലോചിച്ചാണ് തന്റെ കണ്ണുകൾ വികസിച്ചിരിക്കുന്നതെന്നുമാണ് പൃഥ്വി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ആരാധകരുടെ ആകാംഷ വാനോളമേറ്റിക്കൊണ്ട് 'എൽ 2' എന്ന ഹാഷ്ടാഗും പൃഥ്വിരാജ് ഇതിനൊപ്പം നൽകിയിട്ടുണ്ട്.