2014ൽ അമിത് ഷാ യു.പിയിൽ പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതി കേരളത്തിലേക്ക്, സുരേന്ദ്രൻ അമരത്ത് എത്തിയപ്പോൾ ബി.ജെ.പിക്ക് പുതിയ തുടക്കം 

Tuesday 18 February 2020 12:45 PM IST

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ കസേരയിൽ യുവരക്തത്തെ കേന്ദ്രം അവരോധിച്ചത് വ്യക്തമായ പദ്ധതിയോടെ. വരും നാളുകളിൽ സംസ്ഥാനത്ത് പാർട്ടിയുടെ വേരോട്ടം ശക്തമാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ആദ്യ പ്രവർത്തിയിലുള്ളത്. ഇതിനായി 2014 ൽ അമിത് ഷാ യു.പിയിൽ പരീക്ഷിച്ച് വിജയിപ്പിച്ച കർമ്മപരിപാടി ഇവിടെയും നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്ത് ബൂത്ത് തലത്തിൽ പാർട്ടിയെ പതിന്മടങ്ങ് സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി പുതിയ കർമ്മപദ്ധതിയിലേക്ക് കടക്കും.

ഒരു മാസത്തിനകം 10,000 ബൂത്തു കമ്മിറ്റികൾ ഉടച്ചുവാർക്കാനാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പദ്ധതി. ബൂത്ത് പ്രസിഡന്റുമാരുമായി സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് ബന്ധപ്പെടും. ബൂത്ത് തലത്തിൽ സംഘടനാ സംവിധാനം താരതമ്യേന ദുർബലമാണന്ന വിലയിരുത്തലിലാണ് താഴേത്തട്ടിൽ കൂടുതൽ ഊന്നൽ നൽകുന്നത്.

ആദ്യഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ മുഖമായി മാറുവാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടതു സർക്കാരിനെതിരെ സമരപരമ്പരയും തീർക്കും. സംസ്ഥാനത്തെ ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരെ അടുത്ത മാസം സെക്രട്ടേറിയേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിലും മാർച്ച് നടത്തും. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ അതേ നാണയത്തിൽ നേരിടാനാണ് പാർട്ടി തീരുമാനം. പ്രക്ഷോഭങ്ങൾക്ക് പിറകിൽ കൂടുതലും തീവ്രവാദികളാണെന്ന പരാമർശത്തോടെയുള്ള കടന്നാക്രമണത്തിന് കഴിഞ്ഞ ദിവസം സരേന്ദ്രൻ മുതിർന്നതിനു കാരണവും മറ്റൊന്നല്ല. ഹൈന്ദവ ധ്രുവീകരണത്തിന് ആക്കം കൂടുന്നത് വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ തുണയ്ക്കുമെന്നും നേതൃത്വം കരുതുന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനുള്ള യജ്ഞം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്‌ക്വാഡുകൾ വീടുവീടാന്തരം കയറും.

ഭാരവാഹി പ്രഖ്യാപനം വെല്ലുവിളി

ആറു മാസത്തിനകം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാവും. എം.ടി രമേശും എ.എൻ. രാധാകൃഷ്ണനും ജനറൽ സെക്രട്ടറി സ്ഥാനം തുടർന്നും ഏറ്റെടുത്തില്ലെങ്കിൽ വലിയ വെല്ലുവിളിയായിരിക്കും സുരേന്ദ്രന് നേരിടേണ്ടി വരിക. ശോഭാ സരേന്ദ്രൻ മഹിളാമോർച്ച ദേശീയ ഭാരവാഹിയാകാനാണ് സാദ്ധ്യത. പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ, തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവരുടെ പേരുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്. എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർ, തൃശൂരിൽ നിന്നുള്ള സംപൂർണ എന്നിവരെയും പരിഗണിച്ചേക്കും.