ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടി വരുമോ? ഐ.എൻ.ടി.യു.സിയിൽ പൊരിഞ്ഞ അടി
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി കേരള ഘടകത്തിൽ ശക്തി പ്രാപിച്ച വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. നേതൃത്വത്തിനെതിരെ സംഘടനയ്‌ക്കുള്ളിൽ രൂപംകൊണ്ട വിഭാഗീയത നേരത്തെ 'ഫ്ളാഷ്' റിപ്പോർട്ട് ചെയ്‌തിരുന്നു. വിമത വിഭാഗം ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന സെക്രട്ടേറിയേറ്റ് മാർച്ചോടെ സംഘടനയിൽ പിളർപ്പ് രൂപപ്പെടുമെന്നാണ് സൂചന. മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. എന്നാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടി പാർട്ടിയിലെ വിമത വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ആർ. ചന്ദ്രശഖരന്റെ അനുകൂലികൾ പറയുന്നു.
ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും ഐ വിഭാഗക്കാരനുമായ കെ. പി. ഹരിദാസിന്റെ നേതൃത്വത്തിൽ എറണാകുളത്ത് സമാന്തര ജില്ലാക്കമ്മിറ്റി നിലവിൽ വന്നതോടെയാണ് സംഘടനയുടെ കേരള ഘടകത്തിൽ നാളുകളായി പുകഞ്ഞു നിന്ന കലഹത്തിന് പരസ്യ രൂപം കൈവന്നത്. തുടർന്ന് ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള യൂണിയനുകളുടെ യോഗങ്ങൾ വിളിച്ചു കൂട്ടി വിമത വിഭാഗം പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്‌തു.
മുൻ പ്രസിഡന്റും ഐ ഗ്രൂപ്പുകാരനുമായ കെ. സുരേഷ് ബാബു ചെയർമാനായി സംസ്ഥാന തലത്തിൽ കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിൽ നടക്കുന്നതുപോലെ ഐ.എൻ.ടി.യു.സിയിൽ നോമിനേഷൻ പറ്റില്ലെന്നും തന്നെ എതിർക്കുന്നവർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് ശക്തി കാണിക്കേണ്ടതെന്നും ആർ.ചന്ദ്രശേഖരൻ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു.
ചന്ദ്രശേഖരനെ അദ്ധ്യക്ഷ പദവിയിൽ നിന്ന് താഴെയിറക്കുന്നതോടൊപ്പം ഐ.എൻ.ടി.യു.സിയിൽ മേൽക്കൈയുള്ള ഐ വിഭാഗത്തിനുള്ളിലെ ഭിന്നിപ്പും എ ഗ്രൂപ്പ് ഉന്നമിടുന്നുണ്ടത്രേ. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് ചന്ദ്രശേഖരൻ സമരങ്ങൾ സംഘടിപ്പിച്ചതും നിരന്തരം പരസ്യ പ്രസ്‌താവനകൾ പുറപ്പെടുവിച്ചിരുന്നതും എ ഗ്രൂപ്പിനെ ചൊടിപ്പിച്ച കാര്യങ്ങളായിരുന്നു. ചന്ദ്രശേഖരന്റെ പല നിലപാടുകളോടും മുല്ലപ്പള്ളിക്കും എതിർപ്പുണ്ടെന്നും സൂചനയുണ്ട്.