ഒരു രക്ഷയുമില്ല, ഇടയ്ക്ക് രജിത് സാർ എന്റെ അച്ഛനാണെന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്: വിമർശനവുമായി സാബുമോൻ
റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായ രജിത് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്ക് ലൈവിലൂടെ നടൻ സാബുമോന്‍ അബ്ദുസമദ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നിരവധിയാളുകൾ ഇതേ റിയാലിറ്റി ഷോയിലെ ഒന്നാം സീസണ്‍ വിജയിയായ സാബുമോനെ സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള അത്തരം വിമർശനങ്ങൾക്ക് വീണ്ടും ഫേസ്ബുക്ക് ലൈവിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം.
അശാസ്ത്രിയതയ്ക്കെതിരെയാണ് താൻ സംസാരിച്ചതെന്നും, ആരുടെയും ഫാൻസിനെയും ഒന്നും പറയുന്നില്ലെന്നും കാരണം അങ്ങനെ പറഞ്ഞാൽ പരിപാടിയുമായി കണക്ടായിപ്പോകുമെന്നും സാബുമോൻ പറഞ്ഞു. താൻ പറയുന്ന കാര്യങ്ങൾക്ക് വസ്‌തുനിഷ്ടമായി മറുപടി ഉണ്ടെങ്കിൽ അത് പറയെന്നും സാബുമോൻ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.
'രജിത് സാർ ഭയങ്കര സംഭവമാണ്,ഒരു രക്ഷയുമില്ല. ഇടയ്ക്ക് രജിത് സാർ എന്റെ അച്ഛനാണെന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്. പൊക്കിയത് മതിയോ? ഗർഭപാത്രം ഊരിപ്പോകലു പോലുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ ശാസ്ത്രീയമായി സംസാരിക്കണം. അല്ലെങ്കിൽ കുറച്ച് പേരെങ്കിലും അത് വിശ്വസിക്കും. പ്രസവിച്ച സ്ത്രീയുടെ സ്വഭാവം മോശമായതുകൊണ്ട് ഒരു കുഞ്ഞിനും ഓട്ടിസം ഉണ്ടാകില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണം കേരള സർക്കാർ. മര്യാദ കേട് കാണിക്കുന്നതിന് ഒരു പരിധി ഉണ്ട്. ഒരുപാട് സൈബർ ആക്രമണം നേരിട്ടയാളാണ്. എനിക്ക് ഒരു ഭയവുമില്ല. എന്തൊക്കെ വേണേലും നിങ്ങൾ കാണിച്ചോ. അങ്ങനെയുള്ള മര്യാദകേട് പ്രചരിപ്പിക്കാൻ പാടില്ല'- സാബുമോൻ പറഞ്ഞു.