മോദിക്ക് പിന്നാലെ 'തീക്കളിയ്ക്ക്' തയ്യാറായി രജനികാന്ത്, ഫസ്റ്റ്‌ലുക്ക് ചിത്രം പങ്കുവെച്ച് ബെയർ ഗ്രിൽസ്

Wednesday 19 February 2020 12:53 PM IST

ലോക പ്രശസ്ത സാഹസികനായ ബെയർ ഗ്രിൽസിന്റെ (എഡ്വേഡ് മിഖായേൽ ഗ്രിൽസ്) 'ഇൻ ടു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്' എന്ന പരിപാടിയുടെ പുതിയ അതിഥിയായി തമിഴ് സൂപ്പർ താരം രജനീകാന്ത് എത്തുന്നു. ട്വിറ്ററിലൂടെ ബിയർ ഗ്രിൽസ് പങ്കുവെച്ച പരിപാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

'രജനീകാന്ത് ബ്ലോക് ബസ്റ്റർ ടിവി അരങ്ങേറ്റത്തിനായി തയ്യാറെടുക്കുന്നു... 'ഇന്റു ദ വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്' മോഷൻ പോസ്റ്റർ! ലോകമെമ്പാടുമുള്ള നിരവധി താരങ്ങളുമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതയായിരുന്നു. ലവ് ഇന്ത്യ”-ഗ്രിൽസ് ട്വീറ്റ് ചെയ്തു.

15 സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്ററിൽ, ഗ്രിൽസും 69 കാരനായ രജനികാന്തും കാട്ടിൽ ഒരു വാഹനത്തിന്റെ ബോണറ്റിൽ ഇരിക്കുന്നത് കാണാം. ഡിസ്കവറി ചാനലിന്റെ പുതിയ ഷോയുടെ ചിത്രീകരണത്തിനായി രജനീകാന്ത് ജനുവരിയിൽ കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് വനം സന്ദർശിച്ചിരുന്നു. കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പട്ടികപ്രകാരം ബംഗാൾ കടുവ, ഏഷ്യൻ ആന, പുള്ളിപ്പുലി എന്നിങ്ങനെ 28 ഇനം മൃഗങ്ങൾ ഇവിടെയുണ്ട്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ അതിഥിയായെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലായിരുന്നു ഷൂട്ട്. ബരാക് ഒബാമ, ടൈറ്റാനിക് താരം കേറ്റ് വിൻസ്ലെറ്റ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ പരിപാടിയിൽ അതിഥിയായെത്തിയിരുന്നു.