പട്ടാളക്കാരന്റെ വീടാണെന്ന് അറിയാതെ പൂട്ട് പൊളിച്ച് കയറി, രാജ്യസ്‌നേഹമുള്ള മോഷ്ടാവ് 'ചെറുതടിച്ച് ' ക്ഷമ പറഞ്ഞ് മടങ്ങി 

Wednesday 19 February 2020 2:41 PM IST

കൊച്ചി : പൂട്ട് പൊളിച്ച് വീടുകളിൽ കയറി മോഷണം നടത്തുന്ന മോഷ്ടാവിന് രാജ്യസ്‌നേഹം ആവോളമുണ്ടെന്ന് തെളിയിക്കുന്ന ഒരു മോഷണം കൊച്ചിയിൽ നടന്നു. നിരനിരയായി അഞ്ചോളം കടകളിൽ മോഷണം നടത്തിയിട്ടും കാര്യമായി കൈയ്യിലൊന്നും തടയാത്തതിനാലാണ് മോഷ്ടാക്കൾ സമീപത്തെ വീട്ടിൽ കയറാൻ തീരുമാനിച്ചത്. വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയ സംഘത്തിന് പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. തുടർന്ന് സാധനങ്ങളെല്ലാം വാരി വലിച്ചിട്ട് തിരഞ്ഞപ്പോഴാണ് ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന സൈനിക തൊപ്പി കണ്ടത്. മോഷണത്തിനിറങ്ങിയവരുടെ മനസിൽ രാജ്യസ്‌നേഹത്തിന്റെ വികാരമുണരുകയും, രാജ്യം കാക്കുന്ന സൈനികന്റെ വീട്ടിൽ മോഷണം നടത്തിയതിൽ മനസ്താപമുണ്ടാവുകയും ചെയ്തു. തിരുവാങ്കുളം പാലത്തിങ്കൽ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമമുണ്ടായത്. മുൻ സൈനികനായ ഇദ്ദേഹം വിദേശത്താണിപ്പോൾ.

ഇതിനിടയിൽ പട്ടാളക്കാരന് കിട്ടിയ ക്വാട്ടയിൽ കണ്ണുടുക്കിയ മോഷ്ടാവ് ഒരു പെഗ് അടിച്ചശേഷം ഭിത്തിയിൽ ക്ഷമാപണ കുറിപ്പുമെഴുതി സ്ഥലം കാലിയാക്കി. ബൈബിളിലെ ഏഴാമത്തെ കൽപന ഞാൻ ലംഘിച്ചു. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസിലായത്, തൊപ്പി കണ്ടപ്പോൾ. ഓഫിസർ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.' ഇങ്ങനെ പോകുന്നു മോഷ്ടാവിന്റെ ക്ഷമാപണം.

പക്ഷേ പട്ടാളക്കാരന്റെ വീട്ടിൽ കാണിച്ച സ്‌നേഹമൊന്നും മറ്റ് മോഷണസ്ഥലങ്ങളിൽ സംഘം കാട്ടിയിരുന്നില്ല. അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ സംഘം തെളിവുകൾ നശിപ്പിക്കുവാനും ബോധപൂർവം ശ്രമം നടത്തുകയുണ്ടായി. രാജ്യസ്‌നേഹത്തിന് ഇളവൊന്നും നൽകാതെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.