അയാളും ബന്ധുക്കളും പലപ്രാവശ്യം ബലാത്സംഗം ചെയ്തു, വിവാഹം കഴിക്കുമെന്ന് പറഞ്ഞു, ഒടുവിൽ ഗർഭിണിയായി: എം.എൽ.എയ്ക്കെതിരെ ആരോപണവുമായി 40കാരി
മീററ്റ്: നാൽപതുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഉത്തർ പ്രദേശിലെ ബി.ജെ.പി എം.എൽ.എ രവീന്ദ്ര നാഥ് ത്രിപാഠിക്കെതിരെയും മറ്റ് ആറ് പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഉത്തർ പ്രദേശിലെ ബദോഹിയിലാണ് സംഭവം നടന്നത്. 2017ൽ എം.എൽ.എയും അയാളുടെ ബന്ധുക്കളും ചേർന്ന് തന്നെ ഒരു മാസത്തിൽ കൂടുതൽ പലതവണയായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കാട്ടി യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
ഉത്തർ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിലാണ് തന്നെ ഒരു ഹോട്ടൽ മുറിയിൽ താമസിച്ച് ഇവർ പലപ്പോഴായി പീഡിപ്പിച്ചതെന്നും ഇവർ പറഞ്ഞു. തന്നെ ആദ്യമായി ബലാത്സംഗം ചെയ്‌തത് എം.എൽ.എയുടെ അനന്തരവനായ സന്ദീപ് തിവാരി ആണെന്ന് യുവതി പറഞ്ഞു. 2016ലായിരുന്നു ഈ സംഭവം നടന്നത്. ശേഷം എം.എൽ.എ തന്നെ വിവാഹം ചെയ്തുകൊള്ളാം എന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും അതിനാലാണ് താൻ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും യുവതി ചൂണ്ടിക്കാട്ടി.
ഇതിനുശേഷമാണ്, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, രവീന്ദ്ര നാഥ് ഇവരെ ഹോട്ടൽ മുറിയിൽ ആക്കുന്നതും മറ്റ് പ്രതികൾ ഇവരെ ബലാത്സംഗം ചെയ്യുന്നതും. തുടർന്ന് താൻ ഗർഭിണിയായെന്നും അതുകാരണം ഗർഭച്ഛിദ്രം ചെയ്യേണ്ടി വന്നുവെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ മുന്നിൽ വച്ച് രേഖപ്പെടുത്തുമെന്നും മറ്റ് നടപടികൾ സ്വീകരിക്കുമെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള എ.എസ്.പി രവീന്ദ്ര വർമ വ്യക്തമാക്കി.