നിവിൻ പോളി ഇനി മെലിയും : പടവെട്ടിൽ മഞ്ജു വാര്യരും, മാർച്ച് രണ്ടിന് ഷെഡ്യൂൾ പായ്ക്കപ്പ്
പൃഥ്വിരാജിനും കുഞ്ചാക്കോബോബനും ശേഷം യുവതാരം നിവിൻപോളിയും പുത്തൻ മേക്കോവറിൽ എത്താനൊരുങ്ങുന്നു. സണ്ണിവയ്ൻ നിർമ്മിക്കുന്ന പടവെട്ട് എന്ന ചിത്രത്തിനായാണ് നിവിൻ പോളി ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലെത്തുന്നത്.
ശരീരഭാരം കുറയ്ക്കാനായി നിവിൻപോളിക്ക് ഒന്നരമാസത്തെ സമയം വേണ്ടി വരുന്നതിനാലാണ് ചിത്രത്തിന്റെ ഷെഡ്യൂൾ പായ്ക്കപ്പ് ചെയ്തത്. മഞ്ജു വാര്യർ ചിത്രത്തിൽ നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
ചിത്രത്തിൽ രണ്ടു ദിവസം മഞ്ജു അഭിനയിക്കുകയും ചെയ്തു.കണ്ണൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രണ്ടാമത് ഷെഡ്യൂൾ മാർച്ച് 2ന് പൂർത്തിയാവും. ഒന്നരമാസത്തിനുശേഷമാണ് മൂന്നാമത് ഷെഡ്യൂൾ ആരംഭിക്കുക. നിവിൻ മെലിഞ്ഞ ശേഷമുള്ള രംഗങ്ങൾ അന്ന് ചിത്രീകരിക്കും. മൂന്നാം ഷെഡ്യൂളിലും മഞ്ജു വാര്യർ അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.നിവിനും മഞ്ജുവും ചേർന്നുള്ള കോമ്പിനേഷൻ സീനുകളും അന്ന് ചിത്രീകരിക്കും. നിവിനൊപ്പം മഞ്ജു വാര്യർ അഭിനയിക്കുന്നത് ആദ്യമായാണ്.
നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിർമ്മാതാവായ സണ്ണിവയ്നും ഒരു സുപ്രധാന വേഷം അഭിനയിക്കുന്നുണ്ട്. അദിതി ബാലനാണ് ചിത്രത്തിലെ നായിക.അരുവി എന്ന തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ച അദിതി ബാലൻ നായികയായി മലയാളത്തിലേക്ക് വരികയാണ്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ദീപക് ഡി. മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഗോവിന്ദ വസന്തയാണ് സംഗീത സംവിധാനം. അതേസമയം മഞ്ജു വാര്യരും സണ്ണിവയ്നും അലൻസിയറും പ്രധാന വേഷത്തിൽ എത്തുന്ന ചതുർമുഖം റിലീസിന് ഒരുങ്ങുകയാണ്.