പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പണം നൽകിയത് പോപ്പുലർ ഫ്രണ്ട്,​ എൻഫോഴ്സ്മെന്റ് റിപ്പോർട്ട് നൽകി

Thursday 20 February 2020 9:17 PM IST

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പണം ചെലവഴിച്ചത് പോപ്പുലർ ഫ്രണ്ടാണെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പോപ്പുലർ പ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി റിപ്പോർട്ട് നൽകിയിരിക്കുന്നത്. 2018 ൽ പോപ്പുലർ ഫ്രണ്ടിനും ഒരു എൻ.ജി.ഒക്കും എതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ കുറ്റമാരോപിക്കപ്പെടുന്ന ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്.

അതത് സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പരിശോധിച്ച് വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാ‍ർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് 120 കോടി രൂപയെത്തിയെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.