പിഞ്ചോമനയെ പീഡിപ്പിച്ച കൊന്ന യുവാവിന്റെ മരണവാറണ്ടിന് സ്റ്റേ
ന്യൂഡൽഹി : ഗുജറാത്തിലെ സൂററ്റിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അനിൽ യാദവിന് (22) മരണ വാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു.
വധശിക്ഷ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള 60 ദിവസത്തെ സാവകാശം കുറ്റവാളിക്ക‌് നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ മരണവാറണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അടങ്ങിയ മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്‌തത്.
33 ദിവസമേ അനുവദിച്ചുള്ളൂ എന്നായിരുന്നു അനിൽ യാദവിന്റെ വാദം.
ഗുജറാത്ത് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹർജിക്കാരനായി അഭിഭാഷക അർപ്പിത സിംഗും ഹാജരായി.
2018 ഒക്ടോബറിലാണ് അനിൽ അയൽവാസിയായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ചവറു കൂനയ്‌ക്കിടയിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സൂററ്റിലെ പോക്സോ കോടതിയാണ് അനിൽ യാദവിന് വധശിക്ഷ വിധിച്ചത്. ഗുജറാത്ത് ഹൈക്കോടതി ഇത് ശരിവച്ചു.