'നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് ഇനി നീ തീരുമാനിക്ക്': ഷൂട്ടിംഗിനിടയിലാണ് അച്ഛൻ ഇതു പറയുന്നത്
രാഷ്‌ട്രീയ പ്രവേശനവും തുടർന്നുള്ള തിരക്കുകൾക്കുമിടയിൽ സുരേഷ് ഗോപിയിലെ നടനെ മലയാളിയ്‌ക്ക് ഇടയ്‌ക്കെങ്ങോ നഷ്‌ടമായിരുന്നു. ഇപ്പോഴിതാ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം തന്നെ ആ നഷ്‌ടം നികത്തിയിരിക്കുയാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സുരേഷ് ഗോപിയെ ആവശ്യമുണ്ട് എന്ന് ടാഗ് ലൈൻ സിനിമയ്‌ക്ക് അനൗപചാരികമായി ചാർത്തി നൽകിയിരിക്കുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ‌്ത ചിത്രത്തിൽ മികച്ച വരവ് തന്നെയാണ് സുരേഷും ശോഭനയും നടത്തിയിരിക്കുന്നത്.
സിനിമാത്തിരക്കുകൾക്ക് ഒപ്പം കുടുംബത്തിനൊപ്പവും സമയം ചെലവഴിക്കുന്ന താരവുമാണ് സുരേഷ് ഗോപി. കുടുംബത്തിനൊപ്പമുള്ള ഫോട്ടോകൾ സുരേഷ് ഗോപി പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. ഏറ്റവുമൊടുവിലായി എങ്ങനെയാണ് തന്റെ വിവാഹം നടന്നത് എന്നതിന്റെ കാര്യങ്ങൾ സുരേഷ് ഗോപി ഒരു ചാനലിന്റെ പ്രോഗ്രാമിൽ വ്യക്തമാക്കിയിരിക്കുകയാണ്.
അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തന്റേതെന്ന് സുരേഷ് ഗോപി പറയുന്നു. പെണ്ണ് കണ്ട കാര്യം ഫോണിലൂടെയാണ് അച്ഛൻ പറയുന്നത്. അച്ഛനും അമ്മയുടെയും നിശ്ചയത്തിനാണ് താൻ മതിപ്പ് കൽപ്പിക്കുന്നത് എന്ന് പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരു സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് അച്ഛൻ ഫോണിൽ വിളിക്കുന്നത്. 1989 നവംബർ 18ന്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരുമകളായി രാധിക മതി, നിനക്ക് നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു അച്ഛൻ ഫോണിൽ പറഞ്ഞത്. നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് നാല് കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി നമ്മുടെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്ന് മറുപടി പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. ഗോപിനാഥൻ പിള്ളയുടെയും വിജ്ഞാനലക്ഷ്‌മിയുടെയും മകനായ സുരേഷ് ഗോപിയും രാധികയും തമ്മിലുള്ള വിവാഹം 1990 ഫെബ്രുവരി എട്ടിനായിരുന്നു.