പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധം; അവരുടെ കൈകാലുകൾ ഒടിക്കണമെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു: യെദ്യൂരപ്പ

Friday 21 February 2020 6:34 PM IST

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിയുള്ള പ്രതിഷേധത്തിനിടെ വേദിയിൽ കയറി പാക് അനുകൂല മുദ്രാവാക്യം വിളിച്ച് യുവതിക്ക് നക്സൽ ബന്ധങ്ങളുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഹൈദരാബാദ് എം.പിയായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പെൺകുട്ടിയുടെ പാക് അനുകൂല മുദ്രാവാക്യം. മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അമൂല്യ ലിയോണ എന്ന വിദ്യാർത്ഥിനിയാണ് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇത്തരം പ്രതികരണങ്ങളിൽ യുവതി ശിക്ഷിക്കപ്പെടണമെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു. യുവതിയുടെ കയ്യും കാലും ഒടിക്കണമെന്നാണ് അവരുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞത്. അവർക്കു ജാമ്യം ലഭിക്കില്ല. ഞാൻ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും യെദ്യൂരപ്പ വ്യക്തമാക്കി.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണം. ഇത്തരക്കാരെ ഉണ്ടാക്കിയെടുക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കണം. ആരാണ് അമൂല്യയെ പിന്തുണയ്ക്കുന്നതെന്ന് അപ്പോൾ മനസിലാകും. അമൂല്യയ്ക്കു നക്സലുകളുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും കർണാടക മുഖ്യമന്ത്രി അവകാശപ്പെട്ടു. അതേസമയം ശത്രുരാജ്യമായ പാക്കിസ്ഥാനെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്നാണ് ഒവൈസിയുടെ പ്രതികരണം.

വിദ്യാർത്ഥിയുടെ വീടിന് നേരെ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. ചിക്കമഗളുരു ശിവപുരയിലെ അമൂല്യയുടെ വീടിനു നേരെ കല്ലേറുണ്ടായത്. പാകിസ്ഥാനെ അനുകൂലിക്കുന്നവർ ഇവിടെ താമസിക്കേണ്ട എന്ന് ആക്രോശിച്ചു കൊണ്ടാണ് വീടിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിൽ വീടിന്റെ ജനൽ പാളികൾക്കും വാതിലുകൾക്കും കേടുപാടുണ്ടായി. അതേസമയം വീടാക്രമിച്ചത് ബി.ജെ.പി പ്രവർത്തകരുടെ സംഘമാണെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.