പാക് അനുകൂല മുദ്രാവാക്യം വിളിച്ച് മകൾ പരസ്യമായി മാപ്പു ചോദിച്ച് അച്ഛൻ,​ യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന് യെദിയൂരപ്പ

Saturday 22 February 2020 2:21 AM IST

ബംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട യുവതിക്കെതിരെ അച്ഛൻ.

'മകളുടെ പ്രവൃത്തിയിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നു. അവൾക്ക് നിയമസഹായം ലഭ്യമാക്കില്ല. തെറ്റ് ചെയ്ത മകൾ കുറച്ച് ദിവസം ശിക്ഷ അനുഭവിച്ച് രാജ്യത്തെ നിയമം മനസിലാക്കട്ടെ"-

അമൂല്യ ലിയോണയുടെ അച്ഛൻ ഒസ്‍വ്ലാദ് നരോഹ്ന പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും അമൂല്യയ്ക്ക് നക്സൽ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ആരോപിച്ചു.

"അവളുടെ കൈയും കാലും തല്ലിയൊടിക്കണം. ജാമ്യം കിട്ടരുത്. ഞാനവളെ സംരക്ഷിക്കില്ല" എന്നാണ് അവളുടെ സ്വന്തം പിതാവ് പറഞ്ഞത്. അമൂല്യയടക്കമുള്ള ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് ചില സംഘങ്ങൾ. അമൂല്യയ്ക്ക് നക്‌സൽ ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ട്. അമൂല്യയെ ശിക്ഷിക്കണം." -യെദിയൂരപ്പ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അമൂല്യയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദീൻ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം.

മൂന്നുവട്ടം 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ച അമൂല്യ 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യവും മുഴക്കി. പിന്നീട് വിശദീകരിക്കാൻ നിന്നെങ്കിലും ഒവൈസി അടക്കമുള്ളവൽ വേദിയിലേക്കെത്തി അമൂല്യയെ തടയുകയും കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.

പിന്നാലെ ശത്രുരാജ്യമായ പാകിസ്ഥാനെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് ഒവൈസി പ്രതികരിച്ചു.

വീടിന് നേരെ ആക്രമണം

സംഭവത്തിന് പിന്നാലെ ചിക്കമഗളുരു ശിവപുരയിലെ അമൂല്യയുടെ വീടിനു നേരെ വലതുപക്ഷ സംഘടനകളുടെ കല്ലേറുണ്ടായി. കനത്ത നാശനഷ്ടങ്ങളുണ്ടായി. സംഭവത്തിൽ കേസെടുത്തെന്ന് കൊപ്പ പൊലീസ് അറിയിച്ചു. തുടർന്ന് അമൂല്യയുടെ വീടിന് സുരക്ഷ ഏർപ്പെടുത്തി. വീട് ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.